സാറാ ബാർട്ട്മാൻ: വംശീയത എന്ന ക്രൂരതയുടെ ഇര
സാറാ ബാർട്ട്മാന്റെ ജീവിതം മനുഷ്യചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരേടാണ്. കൊളോണിയലിസവും വംശീയതയും ഒരു മനുഷ്യനെ എത്രത്തോളം ക്രൂരമായി വേട്ടയാടാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അവളുടെ ജീവിതം. 'ഹോട്ടൻടോട്ട് വീനസ്'എന്ന പേരിൽ യൂറോപ്പിൽ പ്രദർശിപ്പിക്കപ്പെട്ട ആ ആഫ്രിക്കൻ വനിതയുടെ കഥ.
1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലുള്ള 'ഖോയ്ഖോയ്' എന്ന ആദിവാസി ഗോത്രത്തിലാണ് സാറാ ബാർട്ട്മാൻ ജനിച്ചത്. സാറയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് ഡച്ചുകാരുടെ കോളനിയായിരുന്ന കേപ്പ്ടൗണിലേക്ക് കുടിയേറിയ അവൾ, അവിടെ ഹെൻഡ്രിക് സീസേഴ്സ് എന്ന ഒരു കർഷകന്റെ വീട്ടിൽ അടിമയെപ്പോലെ ജോലി ചെയ്തുവന്നു.സാറയുടെ ജീവിതം മാറിമറിയുന്നത് വില്യം ഡൺലപ്പ് എന്നൊരു ബ്രിട്ടീഷ് ഡോക്ടർ അവളെ കാണുന്നതോടെയാണ്. ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരായ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ, പ്രത്യേകിച്ച് അവരുടെ അസാധാരണമാംവിധം വലിയ നിതംബങ്ങൾ, യൂറോപ്യന്മാർക്ക് വലിയ കൗതുകമായിരുന്നു. ലണ്ടനിൽ പോയാൽ വലിയ സമ്പന്നയാകാമെന്നും സ്വാതന്ത്ര്യം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഹെൻഡ്രിക് സീസേഴ്സും ഡൺലപ്പും ചേർന്ന് 1810-ൽ സാറയെ ലണ്ടനിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ അവളെ കാത്തിരുന്നത് വലിയൊരു ചതിയായിരുന്നു.ലണ്ടനിൽ എത്തിയ സാറയെ അവർ ഒരു പ്രദർശന വസ്തുവാക്കി മാറ്റി. 'ഹോട്ടൻടോട്ട് വീനസ്' (അക്കാലത്ത് യൂറോപ്യന്മാർ ഖോയ്ഖോയ് ജനതയെ വിളിച്ചിരുന്ന പേരാണ് ഹോട്ടൻടോട്ട്) എന്ന പേരിൽ അവർ അവളെ ലണ്ടനിലെ തെരുവുകളിലും സ്റ്റേജുകളിലും പ്രദർശിപ്പിച്ചു. മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതുപോലെ അവളെ ഒരു കൂട്ടിലടച്ചാണ് ആളുകൾക്ക് മുന്നിൽ കൊണ്ടുവന്നിരുന്നത്. പണം കൊടുത്താൽ ആളുകൾക്ക് അവളെ തൊട്ടുനോക്കാനും പരിഹസിക്കാനും അനുവാദമുണ്ടായിരുന്നു. കടുത്ത തണുപ്പുള്ള ലണ്ടനിൽ വെറും ഗോത്രവർഗ്ഗ വസ്ത്രങ്ങൾ മാത്രം ധരിച്ചായിരുന്നു അവൾക്ക് നിൽക്കേണ്ടി വന്നത്. സാറയുടെ ഈ അവസ്ഥ ചില മനുഷ്യാവകാശ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും അവർ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ സാറയെ ഭീഷണിപ്പെടുത്തി, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് നിൽക്കുന്നതെന്ന് അവർ കോടതിയെക്കൊണ്ട് പറയിപ്പിച്ചു.ലണ്ടനിലെ ജനങ്ങൾക്ക് സാറയോടുള്ള കൗതുകം കുറഞ്ഞപ്പോൾ, 1814-ൽ അവളെ ഫ്രാൻസിലെ പാരീസിലേക്ക് കൊണ്ടുപോയി. അവിടെ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന ഒരാൾക്കാണ് അവളെ വിറ്റത്. ലണ്ടനിലേതിനേക്കാൾ മോശമായിരുന്നു പാരീസിലെ അവസ്ഥ. വെറുമൊരു മൃഗത്തെപ്പോലെയാണ് ഫ്രഞ്ചുകാർ അവളെ കണ്ടത്.ഇക്കാലത്ത്, ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോർജ്ജ് കുവിയർ സാറയിൽ വലിയ താല്പര്യം കാണിച്ചു. ആഫ്രിക്കൻ മനുഷ്യർ യൂറോപ്യന്മാരേക്കാൾ താഴ്ന്നവരാണെന്നും, അവർക്ക് മൃഗങ്ങളോടാണ് കൂടുതൽ സാമ്യമെന്നും ശാസ്ത്രീയമായി തെളിയിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഇതിനായി അയാൾ സാറയുടെ ശരീരത്തെ വിശദമായി പഠിച്ചു.കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ, ദാരിദ്ര്യം, ഏകാന്തത എന്നിവ സാറയെ തളർത്തി. മദ്യപാനത്തിന് അടിമയായ അവൾക്ക് സിഫിലിസ് പോലുള്ള രോഗങ്ങൾ പിടിപെട്ടു. ഒടുവിൽ 1815 ഡിസംബറിൽ, തന്റെ 26-ാമത്തെ വയസ്സിൽ ആരുമില്ലാതെ തികച്ചും അനാഥയായി സാറാ ബാർട്ട്മാൻ ഈ ലോകത്തോട് വിടപറഞ്ഞു.മരണശേഷവും യൂറോപ്യൻ വംശീയത സാറയെ വെറുതെവിട്ടില്ല. ജോർജ്ജ് കുവിയർ അവളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുകയും, ജനനേന്ദ്രിയങ്ങളും തലച്ചോറും എടുത്തുമാറ്റി പ്രത്യേക ദ്രാവകത്തിലാക്കി സൂക്ഷിക്കുകയും ചെയ്തു. അവളുടെ ശരീരത്തിന്റെ പ്ലാസ്റ്റർ രൂപം ഉണ്ടാക്കുകയും, അസ്ഥികൂടം വേർതിരിച്ചെടുക്കുകയും ചെയ്തു. ഇവയെല്ലാം പാരീസിലെ 'മ്യൂസി ഡി എൽ ഹോം' എന്ന മ്യൂസിയത്തിൽ പതിറ്റാണ്ടുകളോളം ഒരു കാഴ്ചവസ്തുവായി പ്രദർശിപ്പിച്ചു. 1974-ൽ ഫ്രഞ്ച് വനിതാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവ പ്രദർശനത്തിൽ നിന്ന് മാറ്റിയത്.സാറയുടെ മരണത്തിന് ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം, നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ (1994-ൽ), സാറയുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ 2002-ൽ ഫ്രാൻസ് അത് ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറി.
2002 ആഗസ്റ്റ് 9-ന് (ദക്ഷിണാഫ്രിക്കൻ വനിതാ ദിനത്തിൽ), ജനിച്ച മണ്ണായ ഈസ്റ്റേൺ കേപ്പിലെ ഗാംറ്റൂസ് നദീതീരത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സാറാ ബാർട്ട്മാന് അന്ത്യവിശ്രമം നൽകി. 190 വർഷത്തെ കണ്ണുനീരിനും അപമാനങ്ങൾക്കും ശേഷം, അവൾ തന്റെ സ്വന്തം മണ്ണിൽ ശാന്തമായി ഉറങ്ങി. ഇന്ന് ദക്ഷിണാഫ്രിക്കയിൽ സാറാ ബാർട്ട്മാൻ സ്ത്രീകളുടെയും ആഫ്രിക്കൻ ജനതയുടെയും അതിജീവനത്തിന്റെ പ്രതീകമാണ്.
Credit: ശ്രീജിത്ത് ശ്രീ