💀അജ്ഞാത ലോകം 💀
September 20, 2023

പെറുകെറ്റസ് കൊളോസസ്: ഭൂമുഖത്ത് ജീവിച്ച ഏറ്റവും ഭാരമേറിയ ജീവി

കരയിലും, കടലിലും ആയി ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും, മൺമറഞ്ഞുപോയതുമായ ജീവി വർഗ്ഗങ്ങളിൽ ഏറ്റവും ഭാരമേറിയ ജീവി വർഗ്ഗം നീല തിമിംഗലമാണ് എന്നാണ് നമ്മളെല്ലാം തന്നെ സംശയലേശ്യമെന്ന്യേ പഠിച്ചു വച്ചിരിക്കുന്നത്.

എന്നാലിതാ അതിപ്രാചീന കാലത്ത്, അതായത് ഏകദേശം 39 മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നീല തിമിംഗലത്തേക്കാൾ 3 മടങ്ങ് ഭാരം ഉണ്ടായിരുന്ന ഒരു തിമിംഗല വിഭാഗം ജീവിച്ചിരുന്നതായും, പിന്നീട് എപ്പോഴോ ഇവയുടെ വംശം ഭൂമിയിൽ നിന്നും വേരറ്റു പോയതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.

13 വർഷങ്ങൾക്ക് മുമ്പ്, തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൻ്റെ തെക്കൻ സമുദ്ര തീരത്തിന് അടുത്തായുള്ള മരുഭൂമിയിൽ നിന്നും ലഭിച്ച 17 അസ്ഥികൾ മാത്രം ഉൾപ്പെട്ട അപൂർണ്ണമായ ഒരു അസ്ഥികൂട ഫോസിലിൽ നടത്തിയ വിശദമായ പഠനങ്ങൾക്ക് ഒടുവിലാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

85 ടൺ മുതൽ 340 ടൺ വരെ ശരീര ഭാരം ഉണ്ടായിരുന്ന, ഭൂമുഖത്തു നിന്നും മൺമറഞ്ഞു പോയ ഈ തിമിംഗല വംശത്തിന്, കണ്ടെത്തിയ രാജ്യത്തേയും ഉയർന്ന ശരീര ഭാരത്തേയും കണക്കിലെടുത്ത് പെറുകെറ്റസ് കൊളോസസ് എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.

ശരീര ഭാരത്തിൽ നീല തിമിംഗലത്തെ പിൻതളളി, ഭൂമിയിൽ ഇതുവരെ ജീവിച്ചവയിൽ വച്ച് ഏറ്റവും ഭാരമുള്ള ജീവി നീല തിമിംഗലം ആണ് എന്ന ശാസ്ത്ര ധാരണയെ തിരുത്തിയ, പെറുകെറ്റസ് കൊളോസസ് എന്ന ഈ ആദിമ തിമിംഗല വിഭാഗം ശരീര വലുപ്പത്തിൽ നീല തിമിംഗലത്തിന് അടുത്തു പോലും എത്തിയിരുന്നില്ലത്രെ.

നീല തിമിംഗലങ്ങൾ 30 മീറ്റർ വരെ നീളത്തിലേയ്ക്ക് വളരുമ്പോൾ, ഈ പ്രാചീന തിമിംഗല സ്പീഷീസ് 17 മീറ്റർ മുതൽ 20 മീറ്റർ വരെ നീളത്തിലേയ്ക്ക് മാത്രമേ വളർന്നിരുന്നുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

Credit: https://www.facebook.com/groups/224192654652143/permalink/1529361917468537

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp