അത്തിപ്പഴം വെജ്ജോ നോൺവെജ്ജോ?
നമ്മുടെ നാട്ടില്‍ പലയിടത്തും സുലഭമായി വളരുന്ന ഒരു മരമാണ് അത്തി. പല വലിപ്പത്തിലും നിറത്തിലും ഉള്ള വിവിധ ഹൈബ്രിഡ് ഇനങ്ങളും വിപണിയിലുണ്ട്. ഫിഗ് ഫ്രൂട്ട് (Fig Fruit) എന്നാണ് അറിയപ്പെടുന്നതെങ്കിലും അത്തിയുടെ വിവിധ സ്പീഷിസുകള്‍ ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. നട്ട് അഞ്ചോ ആറോ വര്‍ഷങ്ങള്‍ എടുത്താണ് സാധാരണ നാടന്‍ അത്തിമരങ്ങള്‍ കായ്ക്കുന്നത്. പുതിയ ഹൈബ്രിഡ് ഇനങ്ങള്‍ നട്ട് ഒന്നോ രണ്ടോ വര്‍ഷത്തിനകം തന്നെ കുലകുലയായി കായ്ക്കുന്നത് കാണാം. അപ്പോള്‍ ഇതിന്റെ പൂക്കള്‍ എവിടെയാണ്? അത്തിപ്പഴം പൂവാണോ അതോ കായയാണോ എന്ന
കണ്‍ഫ്യൂഷന്‍ ചിലര്‍ക്കെങ്കിലുമുണ്ട്. ആ സംശയത്തിനുള്ള ഉത്തരമാണ് ഇത്തവണ plant worldല്‍. അത്തിമരങ്ങളും ആല്‍ വിഭാഗത്തില്‍ വരുന്ന മരങ്ങളാണ്.
അത്തി ഉള്‍പ്പെടുന്ന ആല്‍ മരങ്ങളുടെ പ്രത്യുത്പാദനത്തെപ്പറ്റി വളരെ രസകരമായ ഒരു കഥ ഉണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്ന അത്തിക്കായ നന്നേ ചെറുപ്പത്തില്‍ തന്നെയുള്ള അതിന്റെ പൂക്കുലകളാണെന്നു പറയാം. ഇതിന് ആല്‍മരത്തിലെ പോലെ പൂവുകള്‍ കാണുന്നത് ഹൈപ്പാന്തോടിയം (Hypanthodium) എന്നറിയപ്പെടുന്ന, കണ്ടാല്‍ കായ പോലെ തോന്നുന്ന പ്രത്യേക തരം പൂക്കുലയിലാണ്. പൂവിന്റെ ഞെട്ടുകള്‍ കൂടി ചേര്‍ന്നാണ് അത്തിക്കായയുടെ പുറംതോടായി മാറുന്നത്. ഇത് ഒരു കുടം പോലെ കാണപ്പെടുകയും അതിനകത്ത് ധാരാളം ചെറിയ ആണ്‍ പൂക്കളും പെണ്‍പൂക്കളും ഉണ്ടാവും. അത്തിക്കായ പാകമാവുന്നതിനു മുന്‍പുള്ള അവസ്ഥയാണിത്. ഉരുണ്ട ആകൃതി മുതല്‍ മുട്ട പോലെയുള്ള ആകൃതി വരെ ഇവക്ക് കാണാറുണ്ട്. കുടം പോലെയുള്ള ഒരു ഘടനയാണ് ഇതിന്. അതായത് പൊള്ളയായ അകം, കുടത്തിന്റെ വായ പോലെ ഒരു ചെറിയ സുഷിരം പുറത്തേക്ക് തുറന്നിരിക്കും. ഈ സുഷിരത്തിന്റെ വശങ്ങളിലായി ഉള്ളിലേക്ക് തിരിഞ്ഞു നില്‍കുന്ന ധാരാളം രോമങ്ങള്‍ കാണും. ഹൈപ്പാന്തോടിയത്തിന്റെ ഉള്ളില്‍ താഴെയായി ധാരാളം പെണ്‍പൂവുകളും മുകളില്‍ സുഷിരത്തിന് അടുത്ത് ധാരാളം ആണ്‍ പൂവുകളും ഉണ്ടാകും.
അത്തി ഉള്‍പ്പെടുന്ന ആലിന്‍ പൂക്കളില്‍ പരാഗണം നടത്തുവാന്‍ പ്രത്യേക തരം കടന്നലുകള്‍ക്ക് (Fig Wasp) മാത്രമേ സാധിക്കുകയുള്ളൂ, ഹൈപ്പാന്തോടിയത്തിന്റെ സുഷിരത്തില്‍ കൂടെ ഉള്ളില്‍ കയറാന്‍ ഈ പ്രത്യേക തരം കടന്നലുകള്‍ മാത്രമാണ് പരിണമിച്ചിരിക്കുന്നത്. അത് തന്നെ ഓരോ ഇനം അത്തിക്കും ആലിനും അതിന്റെ ഓരോ വ്യത്യസ്ത തരം കടന്നലുകള്‍ ആയിരിക്കും പരാഗണം നടത്തുക. അങ്ങനെ പരിണമിച്ച കടന്നല്‍ സ്പീഷീസിന് മാത്രമേ ഹൈപ്പാന്തോടിയത്തിലെ സുഷിരത്തിലൂടെ അകത്ത് കയറാന്‍ പറ്റൂ. ഇങ്ങനെ അകത്ത് കയറുന്ന പെണ്‍കടന്നല്‍ വരുന്നത് മറ്റൊരു ആലിന്റെ ഹൈപ്പാന്തോടിയത്തില്‍ നിന്നാണ്. വരുമ്പോള്‍ അവ ആ ആലിന്റെ പരാഗരേണു (Pollen) കൂടെ കൊണ്ട് വന്നിട്ടുണ്ടാകും.
ഈ സമയം ഹൈപ്പാന്തോടിയത്തിലെ പെണ്‍ പൂക്കള്‍ മാത്രമേ പൂര്‍ണ വളര്‍ച്ച എത്തിയിരിക്കുകയുള്ളൂ, ആണ്‍പൂക്കള്‍ അപ്പോഴും ശൈശവദശയില്‍ തന്നെ ആയിരിക്കും. പുറത്തുനിന്നു കൊണ്ടുവന്ന ഈ പരാഗരേണു ഉപയോഗിച്ച് പെണ്‍കടന്നല്‍ ചില പെൺപൂക്കളില്‍ പരാഗണം നടത്തും. അതിനു ശേഷം ബാക്കി വരുന്ന പെണ്‍പൂക്കളില്‍ മുട്ടയിടുകയും ചെയ്യും. ഒരിക്കല്‍ അകത്ത് കയറിയാല്‍ പിന്നെ പുറത്ത് കടക്കാന്‍ പെണ്‍കടന്നലിന് സാധിക്കുകയില്ല, ഹൈപ്പാന്തോടിയത്തിന്റെ സുഷിരത്തില്‍ പിന്നിലോട്ട് വളര്‍ന്നു നില്‍കുന്ന രോമങ്ങള്‍ തന്നെ ആണ് ഇതിനു കാരണം. അതിനാല്‍ തന്നെ മുട്ടയിട്ട് കഴിഞ്ഞ പെണ്‍കടന്നല്‍ ഹൈപ്പാന്തോടിയത്തിന് അകത്ത് തന്നെ കിടന്നു ജീവന്‍ വെടിയും. പലപ്പോഴും നമ്മള്‍ പറിച്ചെടുക്കുന്ന അത്തിപ്പഴത്തില്‍ ഈ കൊച്ചു ആണ്‍കടന്നലിന്റെ ഭാഗങ്ങളും പുറത്തേക്ക് പോകാത്ത പെണ്‍കടന്നലുകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് അത്തിപ്പഴം പറിച്ചെടുത്ത് കഴിക്കുമ്പോള്‍ നോക്കിക്കഴിക്കണമെന്നു പറയുന്നത്.
ചില പൂക്കളില്‍ നടത്തിയ പരാഗണം മൂലം ഹൈപ്പാന്തോടിയം വളരെ പെട്ടെന്ന് മൂക്കുവാനും പഴുക്കുവാനുമുള്ള രാസ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ ബാക്കിയുള്ള പെണ്‍പൂക്കള്‍ തിന്നു വളരുകയും ഹൈപ്പാന്തോടിയം പഴുക്കുമ്പോഴേക്കും പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍, പെണ്‍ കടന്നലുകളായി മാറുകയും ചെയ്യും. ഇതില്‍ പെണ്‍കടന്നലുകള്‍ക്ക് മാത്രമേ ചിറകുകള്‍ ഉണ്ടായിരിക്കുകയുള്ളൂ, ആണ്‍കടന്നലുകള്‍ ചിറകുകള്‍ ഇല്ലാത്തവയാണ്, ഇവ പെണ്‍കടന്നലുകളുമായി ഇണ ചേര്‍ന്നതിനു ശേഷം ഹൈപ്പാന്തോടിയത്തിനുള്ളില്‍ തന്നെ കിടന്ന് ചത്തുപോകുന്നു. ഈ സമയംകൊണ്ട് ഹൈപ്പാന്തോടിയത്തിലെ ആണ്‍പൂക്കള്‍ വിരിയുകയും അതിന്റെ പരാഗരേണു പുറത്തുവരികയും ചെയ്യും. ഇണ ചേര്‍ന്ന പെണ്‍കടന്നലുകള്‍ ഈ പരാഗരേണു ശേഖരിക്കുകയും പഴുത്ത അത്തിപ്പഴം തുളച്ചുകൊണ്ട് പുറത്തേക്ക് പോയി മറ്റൊരു ഹൈപ്പാന്തോടിയം കണ്ടെത്തുകയും ഈ ജീവചക്രം തുടരുകയും പരാഗണം നടന്ന അത്തിക്കുരു പുതിയ വിത്തായിത്തീരുകയും ചെയ്യും. ഈ സഹവർത്തിത്വ കൊണ്ട് അത്തിക്കും കടന്നലിനും സ്വന്തം ജീവചക്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നു.
പരാഗണത്തിന് ശേഷം പെണ്‍പൂക്കള്‍ ചെറിയ വിത്തുകളായി മാറുകയും പുറംതോട് ഒരു ഫലമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഫലമാകുന്നതോടെ അതിന്റെ നിറത്തിനും രുചിക്കും മണത്തിനും എല്ലാം വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.
പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങളും ഏതെങ്കിലും തരത്തില്‍ ഒന്ന് മറ്റൊന്നിനോട് പരസ്പരം കോര്‍ത്തിണക്കപെട്ടിരിക്കുന്നു. ഒരു തുണിയിലെ നൂലിഴകള്‍ പോലെ അവ പരസ്പരബന്ധിതം ആണ്. ഇതില്‍ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാല്‍ നൂലിഴകള്‍ പൊട്ടുന്നത് പോലെ അതിനെ ബന്ധിപ്പിച്ചിട്ടുള്ള എല്ലാം തകരും. അതിനാല്‍ തന്നെയാണ് ശാസ്ത്രലോകം സ്പീഷീസുകളുടെ വംശനാശത്തെ ഇത്രത്തോളം ഭയപ്പെടുന്നത്. കടന്നല്‍ സ്പീഷീസ് എന്തെങ്കിലും കാരണത്താല്‍ നശിക്കുകയാണെങ്കില്‍ അത് പരാഗണം നടത്തിക്കൊണ്ടിരുന്ന ആല്‍ സ്പീഷീസും കൂടെ നശിക്കും, അപ്പോള്‍ ആ ആല്‍ മരത്തെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന വേറെ ജീവികളും നശിക്കും. അങ്ങനെ ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ ഇത് തുടരും.
എന്തിനാണ് ആല്‍ മരങ്ങള്‍ ഇത്ര റിസ്‌ക് എടുത്തുകൊണ്ട് കടന്നലുകളെ പരാഗണത്തിന്നായി ആശ്രയിക്കുന്നത്? അതും ഒരു ഹൈപ്പാന്തോടിയത്തില്‍ തന്നെ ആണ്‍പൂവും പെണ്‍പൂവും ഉള്ളപ്പോഴാണ് ഇത്രക്ക് പ്രയാസപ്പെട്ട് കടന്നലുകളെ ഈ ആവശ്യത്തിന്നായി ഉപയോഗിക്കുന്നത്. ഇതിനുള്ള വിശദീകരണത്തിലേക്കു പോകുമ്പോള്‍ ആദ്യം തന്നെ സ്വപരാഗണവും പരപരാഗണവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കേണ്ടിവരും. ഒരു സസ്യം അതിന്റെ തന്നെ പരാഗം അതിന്റെ തന്നെ അണ്ഡത്തെ പരാഗണം ചെയ്യാന്‍ ഉപയോഗിക്കുമ്പോള്‍ ആണ് സ്വപരാഗണം എന്ന് പറയുന്നത്. എന്നാല്‍, ഇവിടെ ഈ സസ്യത്തിന് ഇത് മൂലം പുതിയ സ്വഭാവ ഗുണങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല.
പരിണാമത്തിന്റെ ഇന്ധനം (Driving Force) വ്യതിയാനം അഥവാ വേരിയേഷന്‍ (Variation) ആണ്. മാതാ പിതാക്കളില്‍നിന്ന് ഏതെല്ലാം സ്വഭാവ സവിശേഷതകള്‍ സന്തതികള്‍ക്ക് വ്യത്യസ്തമായി കാണുന്നുവോ അതെല്ലാം വ്യതിയാനങ്ങള്‍ ആണ്. ഈ വ്യതിയാനം ഉണ്ടാക്കുവാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്, ഉള്‍പ്പരിവര്‍ത്തനം അഥവാ മ്യൂട്ടേഷന്‍ (Mutation), ജീനുകളുടെ പുനഃസംയോജനം അഥവാ റീകോമ്പിനേഷന്‍ (Recombination) എന്നിവ ഇവയില്‍ പ്രധാനമായ ചിലത് മാത്രമാണ്. സസ്യങ്ങള്‍ക്ക് വ്യതിയാനം ഉണ്ടാക്കുവാനുള്ള വളരെ പ്രധാനപ്പെട്ട മാര്‍ഗമാണ് പരപരാഗണം. ഇതുമൂലം മറ്റു സസ്യങ്ങളുടെ സ്വഭാവ സവിശേഷതകള്‍ ലഭിക്കാനും അതുവഴി പരിണാമ പ്രക്രിയയില്‍ സജീവമായി നില്കുവാനും സാധിക്കും. അതിനാല്‍ തന്നെ മിക്കവാറും സസ്യങ്ങളും പരപരാഗണം നടത്തുവാനായി പരിശ്രമിക്കുകയും അതിനായി പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യും.
ഷഡ്പദങ്ങളെ പരാഗണത്തിനായി ഉപയോഗിക്കുന്നത് പരപരാഗണ മാര്‍ഗ്ഗം ആയാണ്. ചില സസ്യങ്ങള്‍ ആദ്യം പരപരാഗണത്തിന്നു ശ്രമിക്കുകയും അത് നടക്കാതെ വരുമ്പോള്‍ സ്വപരാഗണം നടത്തി പ്രത്യുത്പാദനം ഉറപ്പു വരുത്തുകയും ചെയ്യും. എന്നാല്‍, ചില സസ്യങ്ങളില്‍ പരപരാഗണം മാത്രമാണ് ഏക മാര്‍ഗ്ഗം. ഓര്‍ക്കിഡുകള്‍ ഈ വിഭാഗത്തില്‍ വരുന്നവയാണ്. ഏതായാലും അത്തിയുടെയും ആലിന്റെ പരാഗണ ആവശ്യത്തിന്നായി കടന്നലുകള്‍ സ്വയം മാറുകയും അത് വഴി അവ തമ്മില്‍ ഒരു സഹവര്‍ത്തിത്വം ഉണ്ടാവുകയും ചെയ്യുന്നു.