💀അജ്ഞാത ലോകം 💀
February 18

ഓപ്പറേഷൻ അക്കൗസ്റ്റിക് കിറ്റി: സി.ഐ.എയുടെ വിചിത്രമായ ചാരപദ്ധതി

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാൻ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ CIA വികസിപ്പിച്ചെടുത്ത ഏറ്റവും വിചിത്രമായ പദ്ധതികളിൽ ഒന്നാണ് ' ഓപ്പറേഷൻ അക്കൗസ്റ്റിക് കിറ്റി'. ഒരു പൂച്ചയെ ചാരനായി ഉപയോഗിച്ച് ശത്രുക്കളുടെ രഹസ്യങ്ങൾ ചോർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
1960-കളിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. വാഷിംഗ്ടൺ ഡി.സിയിലെ സോവിയറ്റ് എംബസിയിൽ നടക്കുന്ന അതീവ രഹസ്യമായ ചർച്ചകൾ ചോർത്താൻ ഒരു വഴി തേടുകയായിരുന്നു CIA. മനുഷ്യർക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ഇതിനായി ഉപയോഗിക്കാമെന്ന് അവർ ചിന്തിച്ചു. അങ്ങനെയാണ് ഒരു പൂച്ചയെ 'ലിവിംഗ് ലിസണിംഗ് ഡിവൈസ്' ആയി മാറ്റാൻ തീരുമാനിച്ചത്.ഈ പദ്ധതിക്കായി ഏകദേശം 20 ദശലക്ഷം ഡോളർ (അതായത് ഇന്നത്തെ ഏകദേശം 180 കോടി രൂപ ) ആണ് അക്കാലത്ത് CIA ചെലവാക്കിയത്.അതിനായി ഒരു ശസ്ത്രക്രിയയിലൂടെ പൂച്ചയുടെ ശരീരത്തിനുള്ളിൽ മൈക്രോഫോണും, റേഡിയോ ട്രാൻസ്മിറ്ററും ഘടിപ്പിച്ചു.
പൂച്ചയുടെ വാലിലൂടെയാണ് ഇതിന്റെ ആന്റിന കടത്തിവിട്ടിരുന്നത്. ഇത് പുറമെ നിന്ന് നോക്കിയാൽ കാണാൻ കഴിയില്ലായിരുന്നു.പൂച്ചയ്ക്ക് വിശക്കുമ്പോൾ ഭക്ഷണത്തിനായി ദൗത്യം ഉപേക്ഷിച്ചു പോകാൻ സാധ്യതയുള്ളതിനാൽ, വിശപ്പ് അനുഭവപ്പെടാതിരിക്കാൻ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി.അഞ്ചുവർഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം, 1967-ൽ ആദ്യത്തെ പരീക്ഷണത്തിനായി 'അക്കൗസ്റ്റിക് കിറ്റി'യെ ഇറക്കിവിട്ടു. വാഷിംഗ്ടണിലെ ഒരു പാർക്കിൽ ബെഞ്ചിലിരുന്ന് സംസാരിക്കുകയായിരുന്ന രണ്ട് സോവിയറ്റ് ഉദ്യോഗസ്ഥരുടെ സംഭാഷണം ചോർത്തുകയായിരുന്നു ലക്ഷ്യം.എന്നാൽ, കാറിൽ നിന്ന് ഇറക്കിവിട്ട ഉടനെ പാർക്കിലേക്ക് നടന്നുപോവുകയായിരുന്ന പൂച്ച ഒരു ടാക്സി ഇടിച്ച് ചത്തുപോയി. അതോടെ ദശലക്ഷക്കണക്കിന് ഡോളർ ചെലവാക്കിയ ആ ദൗത്യം നിമിഷങ്ങൾക്കുള്ളിൽ പരാജയമായി അവസാനിച്ചു.
പൂച്ചകളെ പരിശീലിപ്പിക്കുന്നത് അസാധ്യമാണെന്നും, പ്രകൃതിദത്തമായ അവയുടെ സ്വഭാവം ദൗത്യങ്ങളെ ബാധിക്കുമെന്നും മനസ്സിലാക്കിയ CIA 1967-ൽ ഈ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിച്ചു. 2001-ൽ ചില രേഖകൾ പുറത്തുവിട്ടപ്പോഴാണ് ലോകം ഈ വിചിത്രമായ ദൗത്യത്തെക്കുറിച്ച് അറിയുന്നത്.

Credit: ശ്രീജിത്ത് ശ്രീ

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram