ലേക് മിഷിഗൺ ട്രയാങ്കിൾ
നിഗൂഢതകൾ നിറഞ്ഞൊരു തടാകം...
ബെർമുഡാ ട്രയാംഗിളിനെ പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കാം. എന്നാൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്നായ ലേക്ക് മിഷിഗൺ ട്രയാംഗിളിനെ പറ്റി കേട്ടിട്ടുണ്ടോ? കടൽപോലെ വ്യാപിച്ച് കിടക്കുന്ന മിഷിഗൺ തടാകത്തിൽ ലുഡിംഗ്ടൺ, ബെൻറ്റൻ ഹാർബർ, മിഷിഗൺ, മാനിറ്റോവോക്, വിസ്കോസിൻ എന്നീ പ്രദേശങ്ങൾക്കിടയിലായാണ് ലേക്ക് മിഷിഗൺ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഭാഗം. 1891ൽ തോമസ് ഹ്യൂം എന്ന പായ്‌ക്കപ്പലിനെയും ഏഴ് നാവികരെയും ഇവിടെ കാണാതാകുന്നതോടെയാണ് നിഗൂഢതകളുടെ തുടക്കം.
പായ്‌ക്കപ്പലിനായി തടാകം മുഴുവൻ മുങ്ങിത്തപ്പിയെങ്കിലും കപ്പലിന്റെ അവശിഷ്‌ടം പോലും കണ്ടെത്താനായില്ല. 1921ൽ സമാന സാഹചര്യത്തിൽ റോസ ബെൽ എന്നൊരു കപ്പലിനെയും 11 യാത്രക്കാരെയും ഈ ഭാഗത്ത് കാണാതായി.1937 ഏപ്രിലിൽ ഈ ഭാഗത്തു കൂടി വാഷിംഗ്ടണിലേക്ക് പോയ മക്ഫർലാൻഡ് എന്ന കപ്പലിലെ ക്യാപ്ടൻ ജോർജ്ജ് ഡോണർ ദൂരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായി. ഡോണറെ കാണാതായ സമയം ഏതാണ്ട് മിഷിഗൺ ട്രയാംഗിളിന്റെ മദ്ധ്യത്തായിരുന്നത്രെ കപ്പൽ!
1950 ജൂൺ 23ന് നോർത്ത് വെസ്റ്റ് എയർലെൻസിന്റെ ഫ്ലൈറ്റ് 2501 എന്ന വിമാനം 58 പേരുമായി മിഷിഗൺ ട്രയാംഗിളിന് മുകളിൽ വച്ച് അപ്രത്യക്ഷമായി. 2007ൽ മാർക്ക് ഹോളി എന്ന അണ്ടർവാട്ടർ ആർക്കിയോളജിസ്റ്റ് നടത്തിയ പര്യവേഷണത്തിനിടെ മിഷിഗൺ തടാകത്തിൽ 40 അടി താഴ്‌ചയിൽ നിഗൂഢമായ ശ്രേണിയിൽ അടുക്കി വച്ചിരിക്കുന്ന കുറേ ശിലകൾ കണ്ടെത്തി. 10,000 വർഷങ്ങൾ മുമ്പ് മൺമറഞ്ഞ ആനയുമായി സാമ്യമുള്ള മാസ്റ്റോഡോൺ എന്ന ജീവിയുടെ ചിത്രം അതിൽ ഒരു ശിലയിൽ കൊത്തി വച്ചിരുന്നു. തടാകം രൂപാന്തരപ്പെടുന്നതിന് മുമ്പ് പുരാതന മനുഷ്യർ ഉണ്ടാക്കിയതാകാം ഇവ എന്നാണ് നിഗമനം.
2000ത്തിൽ മിഷിഗൺ ട്രയാംഗിളിന് മുകളിലായി ചില അജ്ഞാത വിമാനങ്ങൾ റഡാർ സിസ്റ്റത്തിൽ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. 2013 ഓഗസ്റ്റ് 29ന് ഒരു കൂട്ടം അജ്ഞാത വസ്‌തുക്കൾ ട്രയാംഗിളിന് മുകളിൽ പ്രത്യക്ഷപ്പെട്ടത് ചിലർ കണ്ടെന്നതാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത. മിഷിഗൺ ട്രയാംഗിളിലെ നിഗൂഢതകൾക്ക് പിന്നിൽ ഭീകര ജീവികളോ, അന്യഗ്രഹജീവികളോ ആകാമെന്ന് ചിലർ വാദിക്കുന്നു. അതേസമയം ഇതെല്ലാം വെറും കെട്ടുകഥകളാണെന്ന് വാദിക്കുന്ന ശാസ്ത്ര ലോകത്തിന് ഇതിന്റെ രഹസ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കടപ്പാട്:keralakaumudi.com