ജീവിച്ചിരിക്കുന്ന മനുഷ്യ പ്രതിമകൾ
പൊടുന്നനെ ശരീരം മരവിച്ചു സ്തംഭിച്ച് ഒരു പ്രതിമ പോലെയാകുക. എന്തൊരു അവസ്ഥയായിരിക്കും അല്ലേ? ഇത്തരമൊരു രോഗം ഒരു സമൂഹത്തിലെ പല ആളുകൾക്കു ബാധിച്ചാലോ? ഏതെങ്കിലും ഹോളിവുഡ് സിനിമകളുടെ പ്ലോട്ട് പോലെ തോന്നും ഈ അവസ്ഥ. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. 1917 മുതൽ 1928 വരെയുള്ള കാലയളവിലാണ് ഇതു നടന്നത്. ഈ രോഗം ബാധിച്ചവർക്ക് ജീവനുണ്ടാകും, നല്ല ബോധവുമുണ്ടാകും, എന്നാൽ സ്തംഭിച്ച അവസ്ഥയാകും അവർക്കുണ്ടാകും. സ്വന്തം ശരീരത്തിൽ തടവിലാക്കപ്പെടുന്ന അവസ്ഥയാണ് ഇത്.
എൻസെഫാലിറ്റിസ് ലെഥാർജിക്ക അഥവാ നിദ്രാരോഗം എന്നാണ് ഈ അസുഖത്തിന്റേ പേര്. യൂറോപ്പിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ലോകത്തെ പല മേഖലകളിലേക്കു പടർന്നു. വടക്കേ അമേരിക്കയിൽ ഇതൊരു പകർച്ചവ്യാധിയുടെ സ്വഭാവം കൈവരിച്ചു. 1919ൽ ഈ രോഗം ഇന്ത്യയിലുമെത്തി. ഈ രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും മരിക്കുകയാണ് ഉണ്ടായത്. രക്ഷപ്പെട്ടവർക്ക് ചുറ്റുമുള്ള പരിതസ്ഥിതികളോട് പ്രതികരിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ വയ്യാത്ത സ്ഥിതിയായി. വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കു സംസാരിക്കാനോ കണ്ണൊന്നനക്കാനോ ചെറുതായി ചിരിക്കാനോ ഇവർക്കു കഴിഞ്ഞിരുന്നെങ്കിലും പ്രതിമകൾ പോലെ ശിഷ്ടകാലം ജീവിക്കുകയായിരുന്നു ഇവർ.
ഈ ദുരൂഹരോഗത്തിന്റെ യഥാർഥ കാരണം ഇന്നും അജ്ഞാതമാണ്. സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയുടെ അപകടകരമായ ഒരു വകഭേദമാണ് ഇതിനിടയാക്കിയതെന്നൊരു സിദ്ധാന്തമുണ്ട്. ഈ ബാക്ടിരീയയുടെ പ്രവർത്തനം മൂലം തലച്ചോർ ആക്രമിക്കപ്പെട്ടു. ഇതെത്തുടർന്ന് ആളുകൾ സ്തംഭനാവസ്ഥയിലായി. എന്നാൽ ഈ വാദവും പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അന്നത്തെ രോഗബാധയ്ക്കുശേഷം കുറെക്കാലം ഈ രോഗം ഭൂമിയിലേ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പല കാലങ്ങളിൽ ചെറുതായി തലപൊക്കാൻ തുടങ്ങി. യൂറോപ്പിലും ചൈനയിലുമൊക്കെ ഇതു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.