ലോകത്തെ ഏറ്റവും അപകടകാരിയായ ആമ
കരയിലും വെള്ളത്തിലും ആമകളുണ്ട്. ശരീരത്തെ പൊതിയുന്ന കട്ടിയേറിയ പുറന്തോടാണ് ഇവയുടെ പ്രത്യേകത. ദീർഘകാലം ഇവ ജീവിച്ചിരിക്കുകയും ചെയ്യും. എന്നാൽ കരയാമകളും കടലാമകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. ലോകത്ത് ഏകദേശം 360 സ്പീഷീസുകളിലുള്ള ആമകളുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ആമകൾ പൊതുവെ നിരുപദ്രവകാരികളാണ്. എന്നാൽ ആമകളിൽ ഏറ്റവും അപകടകാരിയായ ജീവിയാരാണെന്ന് അറിയാമോ? വെള്ളത്തിൽ ജീവിക്കുന്ന ആമകളുടെ വിഭാഗത്തിൽപെട്ട അലിഗേറ്റർ സ്‌നാപ്പിങ് ടർട്ടിലാണിത്. ഇത്തരം ആമകൾ യുഎസിലെ ചില ചതുപ്പുനിലങ്ങളിലൊക്കെ അപൂർവമായി കാണപ്പെടാറുണ്ട്.
അപൂർവജീവിയായതിനാൽ ചിലർ ഇതിനെ അരുമമൃഗമായും ബ്രിട്ടനിൽ വളർത്താറുണ്ട്. എന്നാൽ ഇവയെ പരിപാലിച്ചുവളർത്തുന്നത് കഠിനവും സാമ്പത്തിക ചെലവുള്ളതുമായ കാര്യമാണ്. 80 സെന്‌റിമീറ്റർ വരെ വളരുന്ന ഈ ആമകൾ 70 വർഷം വരെ ജീവിക്കാറുണ്ട്. തെക്കൻ, മധ്യ അമേരിക്കൻ മേഖലകളിലും ഇവ കാണപ്പെടാറുണ്ട്. എല്ലുകൾ വരെ ഒടിക്കാവുന്ന രീതിയിൽ കടിക്കാനുള്ള ശേഷി ഈ ആമകൾക്കുണ്ട്. മത്സ്യസമ്പത്തിനെയും തദ്ദേശീയമായ ചെറിയ വന്യജീവികളെയും ഇത് തിന്നൊടുക്കുമെന്ന പ്രശ്‌നവുമുണ്ട്. നീളമുള്ള നാവു പുറത്തേക്കിട്ടാണ് ഇവ മത്സ്യങ്ങളെ ആകർഷിക്കുന്നത്. ദിനോസറുകളെയും മറ്റും അനുസ്മരിപ്പിക്കുന്ന കവചമുള്ള ഈ ആമകൾക്ക് ഒരു പ്രാചീനകാല ജീവിയുടെ ലുക്കാണ്.
നീണ്ടതും കട്ടിയുള്ളതുമായ വാലും ഇവയ്ക്കുണ്ട്. മനുഷ്യരോ മറ്റു മൃഗങ്ങളോ അടുത്തെത്തിയാൽ ഇവ വാ പിളർക്കും. ഇത് ഇവയുടെ സ്വയം പ്രതിരോധ രീതിയാണെന്ന് വിദഗ്ധർ പറയുന്നു. ഇവയുടെ കടി പ്രശ്നകരമാണെങ്കിലും ഇവർ മനുഷ്യർക്ക് അത്ര ഭീഷണിയല്ല. അപകടഭീഷണി തോന്നുന്ന ഘട്ടത്തിലാണ് ഇവ മനുഷ്യരെ ആക്രമിക്കാൻ തുനിയുന്നത്, വളരെ അപൂർവമാണ് ഈ സംഭവം. എന്നാൽ ചിലരുടെയൊക്കെ വിരലുകൾ ഇവ കടിച്ചുമുറിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. തടാകങ്ങളിൽ ഇവയുണ്ടെങ്കിലും നീന്തൽക്കാർക്ക് ഈ ആമകൾ ഭീഷണി സൃഷ്ടിക്കാറില്ല. കഴിയുന്നതും മനുഷ്യരിൽനിന്ന് അകന്നുനിൽക്കാനാണ് അലിഗേറ്റർ സ്നാപ്പിങ് ടർട്ടിലുകൾക്ക് ഇഷ്ടം.