April 29, 2020

ഭൂമിയിലെ അപകടകരമായ ചില സ്ഥലങ്ങൾ

കാലുകുത്തിയാൽ പാമ്പു കടിക്കും

വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആയിരക്കണക്കിനു കൊടിയ വിഷപ്പാമ്പുകൾ, ഒന്നനങ്ങിയാൽ കടിയേറ്റു കഥ തീരും. രക്ഷിക്കാനായി ഒരു പക്ഷിക്കുഞ്ഞു പോലും വരില്ല. ബ്രസീലിയൻ തീരത്തുനിന്ന് 25 മൈൽ അകലെയുള്ള സ്നേക് ദ്വീപിന്റെ വിശേഷങ്ങളാണിത്. ആറായിരത്തോളം പാമ്പുകളാണ് ഈ ചെറുദ്വീപിലുള്ളത്. പ്രതികൂല കാലാവസ്ഥമൂലം ദ്വീപിൽ ഇറങ്ങേണ്ടിവന്ന നൂറുകണക്കിന് മീൻപിടിത്തക്കാരുടെ മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. ബ്രസീൽ സർക്കാർ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്

പൊരിച്ചെടുക്കും ചൂട്

ചൂടൻ സ്ഥലങ്ങളിലൊന്നാണു കലിഫോർണിയയിലെ ഡെത്ത് വാലി. പേരു പോലെതന്നെ ആളുകളെ പൊരിച്ചു കൊല്ലുന്ന മരുപ്രദേശമാണിത്. 57 ഡിഗ്രി വരെയൊക്കെയാണ് ഇവിടത്തെ ചൂട്. തണുപ്പായാലും ഒട്ടും മോശമല്ല. മൈനസ് 9 വരെ ഇവിടെ തണുക്കും. 1849ൽ ഇവിടെ കുടുങ്ങിപ്പോയ യാത്രാസംഘമാണ് ഡെത്ത് വാലിയെന്നു പേരിട്ടത്. 2100ൽ അമേരിക്കയിലെ മൂന്നിലൊന്ന് സ്ഥലത്തെ താപനില ഈ വിധത്തിലാകുമെന്നാണ് പരിസ്ഥിതി ചില ശാസ്ത്രജ്ഞന്മാർ പറയുന്നത്.

രക്തം ഐസാകും!

റഷ്യയിലെ ഓയ്മ്യാക്കൻ ഗ്രാമത്തിൽ ആകെ 500 പേരെയുള്ളൂ. ഇവിടത്തെ കൊടുംതണുപ്പ് തന്നെയാണു വില്ലൻ. പൂജ്യം ഡിഗ്രി താപനിലയിൽ വെള്ളം ഐസാകുമല്ലോ. ഓയ്മ്യാക്കനിൽ – 71 ഡിഗ്രി വരെ തണുപ്പ് താഴ്ന്നിട്ടുണ്ട്!. പച്ചക്കറികൾ ഉൾപ്പെടെ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യാൻ സാധിക്കാത്തതിനാൽ ഇവിടെ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ടൂറിസ്റ്റുകളൊന്നും ഇങ്ങോട്ടേക്കു തിരിഞ്ഞുനോക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.

വളഞ്ഞുപുളഞ്ഞ് മരണത്തിലേക്ക്

ബൊളീവിയയിലെ നോർത്ത് യുങ്കാസ് റോഡിന്റെ വിളിപ്പേരു കേട്ടാൽ തന്നെ കക്ഷിയുടെ സ്വഭാവം പിടികിട്ടും– റോഡ് ഓഫ് ഡെത്ത്. 69 കിലോമീറ്റർ നീളമുള്ള ഈ റോഡിന് നേരെ വാ, നേരെ പോ സ്വഭാവമേയില്ല. വളവുകളുടെ നീണ്ടനിരയാണ് റോഡ് നിറയെ. കൂടെ മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും. ചെറുതായൊന്നു ബാലൻസ് തെറ്റിയാൽ വീഴുന്നത് 2000 അടി താഴ്ചയിലേക്ക്! ഓരോ വർഷവും മുന്നൂറോളം പേരാണ് ഇവിടെ അപകടത്തിൽ മരിക്കുന്നത്

കൂട്ടിന് അസ്ഥികൂടം

തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ, സമീപത്ത് മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങൾ– നമീബിയയിലെ ‘സ്കെൽട്ടൻ കോസ്റ്റി’ലെ കാഴ്ചകളാണിത്. ഇവിടെ എത്തുമ്പോൾ കപ്പലുകളും ബോട്ടുകളും തകരുന്നത് പതിവുസംഭവമാണ്. ദൈവത്തിന് കോപം വന്നപ്പോൾ സൃഷ്ടിച്ച ദ്വീപാണിതെന്നാണു നമീബിയക്കാർ പറയുന്നത്.

Source:ManoramaOnline

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️