കോക്കടമ
ജപ്പാൻകാരുടെ പ്രത്യേക രീതിയിലുള്ള ചെടിപരിപാലനം ലോകപ്രസിദ്ധമാണ്. അതിനു മികച്ച ഉദാഹരണമാണു ബോൺസായ്. ബോൺസായ് പോലെ ചെടികളുടെ വളർച്ച സാവധാനമാക്കി മെരുക്കിയെടുക്കുന്ന മറ്റൊരു പരിപാലനരീതിയാണ് കോക്കടമ. ജപ്പാൻകാരുടെ ആശയത്തിൽ ആരംഭിച്ച ഉദ്യാന കലയാണ് . ജാപ്പനീസ് ഭാഷയിൽ 'കോക്ക്' എന്നാൽ, പായൽ എന്നും 'ടമ' എന്നാൽ പന്ത് എന്നുമാണ് അർഥം. പന്തുപോലെ ഉരുട്ടിയെടുത്ത പോട്ടിങ് മിശ്രിതത്തിൽ പായൽ പൊതിഞ്ഞതിനുശേഷം ചെടികൾ വളർത്തുന്ന രീതിക്കാണ് കോക്കടമ എന്ന് പറയുന്നത്. കോക്കടമ പാവപ്പെട്ടവന്റെ ബോൺസായ് എന്നും വിളിക്കുന്നു. ഇത്തരം പായൽ പന്തുകൾക്കുള്ളിൽ വളരുന്ന ചെടികൾക്കു ജനപ്രിയം ഏറി വരുകയാണ്. ഇവ നിർമിക്കുന്നതിൽ ഉള്ള സാങ്കേതിക അറിവും ഒപ്പം അല്പം കലാവാസനയും ഉണ്ടെങ്കിൽ ഒരു വരുമാനമാർഗമാക്കാൻ സാധിക്കുന്ന ഒന്നാണ് കോക്കടമ.
പായൽ പന്തുകൾ ഒരുക്കുകയാണ് ആദ്യ പടി. ഇതിനായി ചകിരിച്ചോറ് കമ്പോസ്റ്റും മണ്ണും തുല്യ അളവിൽ കുഴച്ച മിശ്രിതം ഒരു പന്തുപോലെ ഉരുട്ടിയെടുക്കണം. പന്തുകൾക്കുള്ളിൽ ഒരു ചെറിയ ദ്വാരമിട്ടു വേര് പിടിപ്പിച്ച ചെടികൾ ഇറക്കിവെച്ച് വീണ്ടും പോട്ടിങ് മിശ്രിതം പന്തുപോലെ ഉരുട്ടുക. ഇപ്രകാരം നിർമിച്ച പന്തുകൾ നനഞ്ഞ ഇഴയകലം ഉള്ള ഒരു തുണി കൊണ്ട് കെട്ടണം. എന്നിട്ടു ശ്രദ്ധാപൂർവ്വം ഈ പന്തിനു ചുറ്റും സ്ഫഗ്നം പായൽ ഒരു നൂല് വെച്ച് ചേർത്ത് പിടിപ്പിക്കാം.
ഏതുതരം ചെടികളും ഇപ്രകാരം വളര്‍ത്താന്‍ സാധിക്കുമെങ്കിലും തുടക്കക്കാര്‍, അധികം ശ്രദ്ധ ആവശ്യമില്ലാത്ത ഡെന്‍ഡ്രോബിയം ഓര്‍ക്കിഡ്, ബ്രോമീലിയാഡ്സ്, സക്കുലന്റ്റ്‌സ് ഒക്കെ നടുന്നതാണ് നല്ലത്.വേര് പിടിപ്പിച്ച ചെടികള്‍ ആണ് ഇതിനായി ഉപയോഗിക്കുക.സ്ഫഗ്‌നം പായല്‍ ഓണ്‍ലൈന്‍ വഴിയുള്ള കടകളില്‍നിന്ന് വാങ്ങാന്‍ സാധിക്കും. മഴക്കാലത്ത് മതിലുകളിലും മറ്റും വളരുന്ന പായലും ഇതിനായി ഉപയോഗിക്കാം. ഒരു കത്തി ഉപയോഗിച്ച് ഇത്തരം പായല്‍ പാളികള്‍ അടര്‍ത്തിയെടുത്തു പന്തുകള്‍ക്കു ചുറ്റും നൂല് വെച്ച് ചേര്‍ത്ത് പിടിപ്പിച്ചാല്‍ മതിയാകും. നൂലിന്റെ ഒരറ്റം കുറച്ചു നീട്ടി ഇട്ടാല്‍ തിരഞ്ഞെടുത്ത ചെടികള്‍ക്ക് ആവശ്യമുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ കോക്കടമ തൂകിയിടാം.
ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൽ മുക്കിവെച്ചോ (അല്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്ത് കൊടുത്തോ ഇവ നനയ്ക്കാം . ) ആവശ്യത്തിന് നനവാകുമ്പോൾ ഇതിന്റെ ചുവട്ടിൽനിന്നും വരുന്ന കുമിളകൾ നിൽക്കും. അധികജലം ഒഴുകിപ്പോയതിനുശേഷം വീണ്ടും ചെടികൾ തൂക്കിയിടാം. മൂന്നു ദിവസം കൂടുമ്പോൾ വെള്ളത്തിൽ മുക്കിവയ്ക്കുകയോ വെള്ളം തളിക്കുകയോ വേണം.
Credit: Sreekala Prasad