ഇരുമ്പിന്റെ കവചമുള്ള ഒച്ച്
ഇന്ത്യൻ മഹാസമുദ്രത്തിൽ,സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 2,800 മീറ്റർ താഴെയായി പൊള്ളുന്ന ചൂട് നീരുറവകൾ
പൊട്ടിപ്പുറപ്പെടുന്ന, അതായത് ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുകയും പരസ്പരം അകന്നുപോകുകയും ചെയ്യുന്ന, മാഗ്മയെ ചൂടാകുകയും താഴെയുള്ള അടിത്തട്ടിൽ വെള്ളം തിളക്കുകയും ചെയ്യുന്ന, Black smokers എന്നറിയപ്പെടുന്ന കറുത്ത ചിമ്മിനി നിരകൾ കാണപ്പെടുന്ന അടിത്തട്ടിൽ അസാധാരണമായ ക്രിസോമാലോൺ സ്ക്വാമിഫെറം എന്ന് പേരുള്ള ( സാധാരണയായി സ്കേലി-ഫൂട്ട് ഗ്യാസ്ട്രോപോഡ് എന്നറിയപ്പെടുന്ന) ഒരു തരം ഒച്ചുകൾ ജീവിക്കുന്നു. 1999 ലാണ് സ്കേലി-ഫൂട്ട് ഗ്യാസ്ട്രോപോഡ് ആദ്യമായി കണ്ടെത്തിയത്.
ഏതൊരു ജീവജാലത്തിനും ഈ കഠിനമായ അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കുകയില്ല. ഈ വെന്റുകളിലെ വെള്ളത്തിൽ സൾഫൈഡുകളും ലോഹങ്ങളും കൂടുതലാണ്
എന്നാൽ ഈ ഒച്ചുകളുടെ പുറംതോട് ഇവിടെ സവിശേഷമായ ഒരു ആവരണമായി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ പുറംതോട് ഇരുമ്പിന്റെ പാളിയാൽ മൂടപ്പെട്ടിരിക്കുന്നു, ഷെല്ലിനടിയിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന മൃദുവായ മാംസളമായകാൽ ഇരുമ്പ് സൾഫൈഡുകളാൽ നിർമ്മിതമായ ധാതുവൽക്കരിച്ച ചെതുമ്പൽ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. ഇരുമ്പിനെ ഈ രീതിയിൽ ഉപയോഗിക്കാൻ അറിയപ്പെടുന്ന ഒരേയൊരു ജീവിയാണ് സ്കേലി-ഫൂട്ട് ഗ്യാസ്ട്രോപോഡ്.
ഗ്യാസ്‌ട്രോപോഡിന്റെ ഷെൽ മൂന്ന് പാളികൾ ചേർന്നതാണ്. പുറം പാളി ഏകദേശം 30 μm കട്ടിയുള്ളതാണ്, ഇത് ഇരുമ്പ് സൾഫൈഡുകൾ ചേർന്ന് ഒരു കവചമായി രൂപപ്പെട്ടിരിക്കുന്നു. മധ്യ പാളി മറ്റ് ഒച്ചുകളിൽ കാണപ്പെടുന്ന നേർത്ത പ്രോട്ടീൻ കോട്ടിംഗ് ആയ ഓർഗാനിക് പെരിയോസ്ട്രാക്കത്തിന് തുല്യമാണ്. ഇത് മൂന്നു പാളികളിലും കട്ടിയുള്ളതാണ് (ഏകദേശം 150 μm). ഏറ്റവും ആന്തരിക പാളി അരഗോണൈറ്റ് എന്നറിയപ്പെടുന്ന കാൽസ്യം കാർബണേറ്റിന്റെ ഒരു രൂപമാണ്, ഇത് മോളസ്കുകളുടെ ഷെല്ലുകളിലും വിവിധ പവിഴങ്ങളിലും കാണപ്പെടുന്നു. ഓരോ ലെയറും വ്യത്യസ്ത രീതികളിലാണ് ഒച്ചിന് പ്രതിരോധ ശേഷി നൽകുന്നത്.
ഇരുമ്പിന്റെ പുറം പാളി മുഖ്യ ശത്രുവായ ഞണ്ടിനെ തകർക്കാൻ പറ്റുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഞണ്ടുകളുടെ നഖത്തെ വളയ്ക്കുകയും വികൃതമാക്കുകയും ചെയ്യുന്നു. ഞണ്ടുകളുടെ നഖങ്ങൾ പോലുള്ള ഞെരുക്കുന്ന ആക്രമണത്തിലൂടെ ഉണ്ടാകുന്ന മെക്കാനിക്കൽ സമ്മർദ്ദവും ഊർജ്ജവും കൂടുതൽ വ്യാപിപ്പിക്കുന്നതിന് മധ്യ ഓർഗാനിക് പാളി പാഡിംഗായി പ്രവർത്തിക്കുന്നു, ഇത് മോളസ്കിന്റെ പൊട്ടുന്ന ആന്തരിക ഷെൽ തകരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇരുമ്പ് സൾഫിഡ് ധാതുക്കൾ ഉള്ളതിനാൽ ഒച്ച് ഒരു കാന്തം പോലെയും ഒട്ടിപ്പിടിക്കുന്നു.
ദശലക്ഷക്കണക്കിന് വർഷത്തെ പരിണാമത്തിലൂടെ തീവ്രമായ അന്തരീക്ഷത്തിനനുയോജ്യമായി രൂപപ്പെട്ട കവചത്തെ സൈന്യത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ഗവേഷണം നടത്തുന്നു. സൈനികർക്ക് ഭാരം വർദ്ധിപ്പിക്കാതെ ശരീര കവചമോ ഹെൽമെറ്റോ ആയി മെച്ചപ്പെടുത്താൻ മൂന്ന് പാളികളുടെ രൂപകൽപ്പന ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ആ പ്രതീക്ഷയിൽ അമേരിക്കൻ സൈന്യം നിലവിൽ ഒച്ചിന്റെ കവചത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നൽകുന്നു.
Credit: Sreekala Prasad