നീല ലാവ തുപ്പുന്ന അഗ്നിപർവതം
ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ തിളച്ചുമറിഞ്ഞ് ഉരുകിയൊലിച്ച ലാവയും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകളുമാണ് 'അഗ്‌നിപര്‍വതം' (Volcano) എന്ന പദം ഓര്‍മിപ്പിക്കുന്നത്. ആയിരത്തോളമോ അതിലധികമോ ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലുരുകിയൊഴുകുന്ന പാറകള്‍ അത്ഭുതത്തേക്കാളേറെ ഭീതിയാണുളവാക്കുന്നത്. എന്നാല്‍, വ്യത്യസ്തവും അത്യാകര്‍ഷകവുമായ ഒരു അഗ്‌നിപര്‍വതം ഭൂമിയിലുണ്ട്. ലാവയില്‍നിന്ന് നീലജ്വാലകളുയരുന്ന അഗ്‌നിപര്‍വതസമുച്ചയമാണ് ഇന്‍ഡോനീഷ്യയിലെ കാവാ ഇജെന്‍ (Kawah Ijen). ആകാശത്തിന്റേയും ആഴക്കടലിന്റേയും നീലിമയേക്കാള്‍ അഴകാര്‍ന്ന നിറമാണ് രാവിരുട്ടില്‍ ഇജെനിലെ ജ്വാലകള്‍ക്ക്. ഇന്‍ഡോനീഷ്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ സാഹസികയാത്രയില്‍ തത്പരരായവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇജെന്‍. നീലജ്വാലകള്‍ മാത്രമല്ല അഗ്‌നിപര്‍വതസമുച്ചയത്തിന് സമീപമുള്ള ഹരിതനീല നിറമാര്‍ന്ന ഗര്‍ത്തതടാകവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പക്ഷേ ഇജെനിലെ ആകര്‍ഷകമായ ജ്വാലകളും ജലവും ഒട്ടും ആരോഗ്യകരമായ സംഗതികളല്ലെന്നതാണ് വാസ്തവം
ജാവയിലാണ് ഇജെന്‍ അഗ്‌നിപര്‍വതസമുച്ചയം സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്റര്‍ (12 മൈല്‍) വിസ്തൃതിയുണ്ടിതിന്. ഈ സമുച്ചയത്തിന്റെ ഏറ്റവും ഉയര്‍ന്ന മുനമ്പാണ് ഗുനുങ് മെരാപി (Gunung Merapi). 'അഗ്‌നിപര്‍വതം' എന്നാണ് ഇതിനര്‍ഥം. ഇജെന്‍ പര്‍വതപ്രദേശം (Mount Ijen area), പുലാവു മേരാ ബീച്ച് Pulau Merah Beach), അലാസ് പൂര്‍വോ ദേശീയോദ്യാനം (Alas Purwo National Park) എന്നീ മേഖലകളിലായി ഇജെന്‍ ജിയോപാര്‍ക്ക് (Ijen Geopark) വ്യാപിച്ചിരിക്കുന്നു. 2023 ല്‍ ഇത് യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്ക് പട്ടികയുടെ ഭാഗമായി. ഗുനുങ് മെരാപിയുടെ പടിഞ്ഞാറുവശത്തായാണ് ഇജെന്‍ അഗ്‌നിപര്‍വതം. ഈ അഗ്‌നിപര്‍വതത്തിന്റെ ഭാഗമാണ് അമ്ലഗര്‍ത്തതടാകം (acidic crater lake). ഈ തടാകത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അമ്ല ഗര്‍ത്തതടാകമാണിത്.
ഗന്ധകത്തിന്റെ (സള്‍ഫര്‍-Sulfur) സാന്നിധ്യമാണ് ഇജെനിലെ നീല ലാവയ്ക്ക് കാരണം. സള്‍ഫറിന്റെ വന്‍ശേഖരമാണ് പ്രദേശത്തുള്ളത്. അഗ്നിപര്‍വത വിസ്‌ഫോടനം മൂലമുണ്ടായ ഭൂവല്‍ക്ക വിടവിലൂടെയാണ് (crater) ലാവ പുറത്തേയ്ക്ക് വമിക്കുന്നത്. ഉരുകിയൊലിക്കുന്ന ലാവയില്‍ നിന്നുണ്ടാകുന്ന പുകയ്ക്കും നീലനിറമാണ്. സള്‍ഫ്യൂറിക് വാതകം കത്തുന്നതാണ് നീല ജ്വാലകള്‍ ഉണ്ടാക്കുന്നത്. 600 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ലാവാ ഉരുക്കം. സള്‍ഫ്യൂറിക് വാതകത്തിന്റെ ഒരു ഭാഗം ഘനീഭവിച്ച് വീണ്ടും ദ്രവാവസ്ഥയിലെത്തുന്നത് ലാവാജ്വലനം തുടരുന്നതിന് കാരണമാകുന്നു. താഴ്ന്ന പ്രതലത്തിലേക്ക് നീങ്ങുന്നതിനിടെ ജ്വലനം നടക്കുന്നതും മനോഹരമായ കാഴ്ചയൊരുക്കുന്നു. ലാവ താഴേക്ക് ഒഴുകുന്ന പോലെയാണ് ഇത് അനുഭവമൊരുക്കുന്നത്. വായുവുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന ജ്വാലകള്‍ 16 അടിവരെ (അഞ്ച് മീറ്റര്‍) ഉയരാറുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ നീല ലാവാജ്വലനപ്രദേശമാണ് ഇജെന്‍. എത്യോപ്യയിലെ ഡാലോല്‍ അഗ്നിപര്‍വതമാണ് നീലജ്വാലകളുള്ള മറ്റൊരു പ്രദേശം.
ഇജെന്റെ പ്രത്യേകതകള്‍ വിവരിച്ച് നാഷണല്‍ ജിയോഗ്രഫി ചാനല്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ ഇജെനിലേക്കുള്ള വിനോദഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായത്. ഒരുവട്ടമെങ്കിലും അപൂര്‍വസുന്ദരമായ ദൃശ്യം കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. രാത്രിയിലാണ് ഇജെനിലേക്ക് സഞ്ചാരികളുടെ യാത്ര. കുത്തനെയുള്ള ഇറക്കവും കയറ്റവുമായി സാഹസികമായ യാത്രയാണിത്. രണ്ട് മണിക്കൂര്‍ നേരത്തോളം സഞ്ചരിച്ചാണ് ഇവിടെയെത്തേണ്ടത്. നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഉന്തുവണ്ടികളെ ആശ്രയിക്കാം. രാത്രിയിലാണ് നീലജ്വാലകള്‍ കൂടുതല്‍ ആകര്‍ഷകവും അനുഭവവേദ്യവുമാകുന്നത്. അഗ്നിപര്‍വതത്തിലെ കാഴ്ചയ്ക്ക് ശേഷം ഗര്‍ത്ത തടാകക്കരയിലേക്ക് മുക്കാല്‍ മണിക്കൂര്‍ നീളുന്ന യാത്രയുമുണ്ട്. തടാകത്തീരത്താണ് മറ്റൊരത്ഭുതം സഞ്ചാരികളെ കാത്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലിലേര്‍പ്പെടുന്നത് ഒരുപക്ഷേ ഇജെനിലെ ഖനനതൊഴിലാളികളാകും. ഇജെനില്‍ സുലഭമായി ലഭിക്കുന്ന ഗന്ധകം സള്‍ഫ്യൂറിക് ആസിഡ് ഉള്‍പ്പെടെയുള്ള നിരവധി ഉത്പന്നങ്ങളുടെ പ്രധാന അസംസ്‌കൃതവസ്തുവാണ്. ഉരുകിയൊലിക്കുന്ന ലാവയില്‍ നിന്നാണ് സള്‍ഫര്‍ ലഭിക്കുന്നത്. ലാവ തണുക്കുന്നതോടെ ഖരീഭവിച്ച് ഗന്ധകശിലകളായി മാറും. മഞ്ഞനിറത്തിലുള്ള ഗന്ധകകട്ടകള്‍ ശേഖരിച്ച് താഴെയെത്തിക്കുന്ന പണിയില്‍ വ്യാപൃതരാണ് ഇവിടത്തെ തൊഴിലാളികള്‍. വിനോദസഞ്ചാരത്തിനെത്തുന്നവരെ ഇവര്‍ ശ്രദ്ധിക്കാറ് തന്നെയില്ല. ദിവസക്കൂലിയായി ഏകദേശം 13 ഡോളറാണ് ഒരു തൊഴിലാളിയ്ക്ക് ലഭിക്കുന്നത്. 75-90 കിലോഗ്രാം വരെ ഒരു ദിവസം തൊഴിലാളികള്‍ എത്തിക്കുന്നു. തടാകക്കരയില്‍ നിന്ന് 300 മീറ്ററോളം മുകളിലേക്ക് കുട്ടകളില്‍ നിറച്ച ഭാരവുമായി ഇവര്‍ നടന്നുകയറും. മുകളിലെത്തിച്ചേര്‍ന്നാല്‍ പിന്നീട് മൂന്ന് കിലോമീറ്റര്‍ ദൂരം താഴേയ്ക്കിറങ്ങേണ്ടതുണ്ട്. മിക്ക തൊഴിലാളികളും ദിവസത്തില്‍ രണ്ട് തവണ ഈ കയറിയിറങ്ങല്‍ നടത്തുന്നുണ്ട്.
അന്തരീക്ഷ താപനില 45 മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരേയാണ് ഇവിടെ. എത്തിക്കുന്ന സള്‍ഫറിന്റെ ഭാരമളന്നാണ് തൊഴിലാളികള്‍ക്ക് സമീപത്തുള്ള ഗന്ധകശുദ്ധീകരണശാല വേതനം നല്‍കുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവത്തിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. അതിനാല്‍ത്തന്നെ മിക്കവര്‍ക്കും ശ്വാസകോശ രോഗങ്ങളുള്‍പ്പെടെയുള്ളവ പിടിപെടാനുള്ള സാധ്യതയേറുന്നു. തൊഴിലാളികളില്‍ പലരുടേയും ശരാശരി ആയുസ് അമ്പത് വയസാണ്.
ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ തിളച്ചുമറിഞ്ഞ് ഉരുകിയൊലിച്ച ലാവയും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകളുമാണ് 'അഗ്‌നിപര്‍വതം' (Volcano) എന്ന പദം ഓര്‍മിപ്പിക്കുന്നത്. ആയിരത്തോളമോ അതിലധികമോ ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലുരുകിയൊഴുകുന്ന പാറകള്‍ അത്ഭുതത്തേക്കാളേറെ ഭീതിയാണുളവാക്കുന്നത്. എന്നാല്‍, വ്യത്യസ്തവും അത്യാകര്‍ഷകവുമായ ഒരു അഗ്‌നിപര്‍വതം ഭൂമിയിലുണ്ട്. ലാവയില്‍നിന്ന് നീലജ്വാലകളുയരുന്ന അഗ്‌നിപര്‍വതസമുച്ചയമാണ് ഇന്‍ഡോനീഷ്യയിലെ കാവാ ഇജെന്‍ (Kawah Ijen). ആകാശത്തിന്റേയും ആഴക്കടലിന്റേയും നീലിമയേക്കാള്‍ അഴകാര്‍ന്ന നിറമാണ് രാവിരുട്ടില്‍ ഇജെനിലെ ജ്വാലകള്‍ക്ക്. ഇന്‍ഡോനീഷ്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ സാഹസികയാത്രയില്‍ തത്പരരായവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇജെന്‍. നീലജ്വാലകള്‍ മാത്രമല്ല അഗ്‌നിപര്‍വതസമുച്ചയത്തിന് സമീപമുള്ള ഹരിതനീല നിറമാര്‍ന്ന ഗര്‍ത്തതടാകവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പക്ഷേ ഇജെനിലെ ആകര്‍ഷകമായ ജ്വാലകളും ജലവും ഒട്ടും ആരോഗ്യകരമായ സംഗതികളല്ലെന്നതാണ് വാസ്തവം.
മനോഹരമായ നിറമാണ് അതിവിസ്തൃതമായ ഈ തടാകത്തിന്. അമ്ലത കൂടിയ ജലമാണ് ഈ തടാകത്തില്‍ നിറഞ്ഞിരിക്കുന്നത്. സള്‍ഫ്യൂറിക് ആസിഡാണ് ജലത്തിന്റെ പ്രധാനഘടകം. അമ്ലത മാത്രമല്ല, ജലത്തിന്റെ താപനിലയും കൂടുതലാണ്. കൂടാതെ സള്‍ഫറടങ്ങിയ വാതകവും തടാകത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്നു. നഗ്നനേത്രങ്ങളുമായി തടാകക്കരയിലെത്തുന്നത് അഭികാമ്യമല്ല. വിനോദസഞ്ചാരത്തിനെത്തുന്നവര്‍ പ്രത്യേകതരം കണ്ണടകള്‍ ധരിക്കുന്നതാണ് നല്ലത്. വൃത്താകൃതിയുള്ള തടാകത്തിന്റെ ചുറ്റുപാടും ഗന്ധകത്തിന്റെ ശേഖരമാണ്. തടാകത്തിന് ചുറ്റും തെളിമയാര്‍ന്ന മഞ്ഞനിറമാണുള്ളത്. കൂടാതെ പുകപടലങ്ങളും ഇവിടെ സജീവമാണ്. തടാകത്തിലെ ജലത്തിന്റെ പി.എച്ച്.നിലവാരം 0.5 ആണ്, ബാറ്ററിയിലെ ആസിഡിന് സമാനം. വിനോദസഞ്ചാരത്തിനെത്തി അപകടത്തില്‍പ്പെട്ടുള്ള മരണങ്ങളും ഇവിടെ സംഭവിക്കാറുണ്ട്. പലപ്പോഴും അശ്രദ്ധയാണ് അപകടത്തിനിടയാക്കുന്നത്. തടാകത്തിന്‍റെ മനോഹരമായ പശ്ചാത്തലത്തിലുള്ള ചിത്രം പകര്‍ത്താനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് അധികവും.
Credit: സ്വീറ്റി കാവ്