ഐസില്ലാത്ത ആർട്ടിക്!!
ഐസില്ലാത്ത ആർട്ടിക് വിദൂരമല്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഇതേ രീതിയിൽ പോയാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിക് സമുദ്രത്തിൽ ആദ്യ ഐസില്ലാദിനം സംഭവിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യാപ്തിയിലേക്കാണ് പുതിയ അനുമാനം വിരൽചൂണ്ടുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് 2027-ൽ ആർട്ടിക് മഞ്ഞുപാളികൾ ഇല്ലാതാകുമെന്ന ഗവേഷണമുള്ളത്.
ആർട്ടിക് സമുദ്രം ചരിത്രലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗൾഡർ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥൻബെർഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ഓരോ ദശാബ്ദത്തിലും 12 ശതമാനത്തിൽ കൂടുതൽ മഞ്ഞുപാളികൾ ഉരുകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇത് ക്രമേണ ആർട്ടിക്കിലെ എല്ലാ ഐസും ഉരുകുന്ന ഒരു ദിവസത്തിലേക്ക് എത്തിക്കും. ഇത് 2027-ലാകുമെന്നാണ് പറയുന്നത്. നേരത്തെ ഒൻപത് മുതൽ 20 വർഷങ്ങൾക്ക് ശേഷവുമാകും സംഭവിക്കുക എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാലാവസ്ഥ വ്യതിയാനം പാരമ്യത്തിലെത്തിയതിനാൽ ഇത് വളരെ പെട്ടെന്നാകും. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററോ അതിൽ താഴെയേ ഉള്ള ഹിമപ്രദേശത്താകും ഇത് സംഭവിക്കുക. മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വർദ്ധിച്ചു.
ആർട്ടിക്കിലെ മഞ്ഞിരുകിയാൽ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരും. സമുദ്രനിരപ്പിൽ നിന്ന് വളരെ കുറച്ച് മാത്രം ഉയരത്തിൽ നിൽക്കുന്ന നഗരങ്ങളെല്ലാം കടലെടുക്കുമെന്ന് സാരം. ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സമുദ്രത്തിലല്ലാതെ ആർട്ടിക് മേഖലയിൽ ഐസ് ഉരുകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്ന് ഗവേഷകർ പറയുന്നു. ചരിത്രാതീത കാലത്തെ സൂക്ഷ്മ ജീവികൾ ഉൾപ്പടെ ഈ മഞ്ഞുപാളിയിലുണ്ട്. മഞ്ഞുരുകിയാൽ ഇവ പുറത്തെത്തിയേക്കാം.