ഭൂമിയിലെ ഏറ്റവും വലിയ വവ്വാല്‍ കോളനി🦇
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വവ്വാല്‍കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്ന ഒരു ഗുഹയുണ്ട്, ഭൂമിയിലെ ഏറ്റവും വലിയ വവ്വാല്‍ കോളനിയും വവ്വാലുകളുടെ പ്രജനന കോളനിയുമായ ബ്രാക്കണ്‍ ഗുഹ. അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസിലെ കോമല്‍ കൗണ്ടിയിലുള്ള ഈ വവ്വാല്‍ ഗുഹയെ പെണ്‍വവ്വാലുകളുടെ പറുദീസയെന്നും വിളിക്കാം. ഒരേസമയം ഏകദേശം ഒന്നരക്കോടി മുതല്‍ രണ്ടുകോടിവരെ (ചിലപ്പോള്‍ അധിലധികവും) മെക്‌സിക്കന്‍ ഫ്രീ- ടെയില്‍ഡ് ഇനത്തില്‍പ്പെട്ട വവ്വാലുകള്‍ താഴ്വരയുടെ ഏറ്റവും അടിഭാഗത്തുള്ള ഈ ഗുഹയില്‍ വസിക്കാറുണ്ട്. ഇവരിവിടുത്തെ സ്ഥിരതാമസക്കാരല്ലെന്നതാണ് കൗതുകം. പെണ്‍വവ്വാലുകളുടെ വേനല്‍ക്കാല വസതി മാത്രമാണ് ബ്രാക്കണ്‍ ഗുഹ.
ദേശാടനക്കാരായ ഇക്കൂട്ടര്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മെക്‌സിക്കോ, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ശീതകാലം ചെലവിട്ട് അവിടെ ഇണചേരും. പെണ്‍വവ്വാലുകള്‍ മാര്‍ച്ചിന്റെ തുടക്കത്തോടെ കിലോമീറ്ററുകള്‍ പറന്ന് ബ്രാക്കണ്‍ ഗുഹയിലേക്ക് പോവും. വയറ്റില്‍ കുഞ്ഞുജീവനെയും വഹിച്ചാവും ഗുഹാവാസത്തിനുള്ള യാത്ര. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലെ മഴക്കാടുകളില്‍ നിന്ന് ലക്ഷക്കണക്കിന് ചുവപ്പന്‍ ഞണ്ടുകള്‍ പ്രജനനത്തിനായി കൂട്ടത്തോടെ കടല്‍ത്തീരങ്ങളിലേക്കു പോകുന്നതുപോലെ. ആണ്‍വവ്വാലുകള്‍ ചെറിയ ഗ്രൂപ്പുകളായി മറ്റെവിടെയെങ്കിലും ചേക്കേറും. ഗുഹയിലേക്ക് പറക്കുന്നവരില്‍ അത്യപൂര്‍വമായി മാത്രം ആണ്‍വവ്വാലുകളും ഉണ്ടാവാറുണ്ട്. പല സംഘങ്ങളായെത്തുന്ന പെണ്‍വവ്വാലുകള്‍ ജൂണ്‍ മാസത്തോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. ഗുഹയിലെ വവ്വാല്‍സംഖ്യ അപ്പോള്‍ ഇരട്ടിയോളമാവും. വലിയൊരു ഇന്‍ക്യുബേറ്റര്‍ പോലെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനിയോജ്യമായ താപനിലയുള്ളൊരിടമാണ് ബ്രാക്കണ്‍ ഗുഹ.
പ്രസവിച്ച ശേഷം രോമം മുളയ്ക്കാത്ത കുഞ്ഞുങ്ങളെ ഗുഹാഭിത്തികളിലാക്കി അമ്മവവ്വാലുകള്‍ പുറത്തുപോകും. വവ്വാല്‍കുഞ്ഞുങ്ങളുടെ ഇടതൂര്‍ന്ന കൂട്ടങ്ങളായിരിക്കുമപ്പോള്‍ ഗുഹയ്ക്കകം. ഒരു ശിശുസംരക്ഷണകേന്ദ്രംപോലെ. ഭിത്തിയിലെ ഒരു ചതുരശ്ര അടിയില്‍ 400 കുഞ്ഞുങ്ങള്‍ വരെ ആ സമയങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നുണ്ടാവും. കുഞ്ഞുങ്ങള്‍ അമ്മമാരില്‍ നിന്ന് വേറിട്ടുതന്നെയാണ് കഴിയുക. അട്ടിയട്ടിയായി കിടക്കുന്ന രീതി രോമമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ചൂടുപകരും. ബ്രാക്കണ്‍ ഗുഹയ്ക്കുള്ളിലെ താപനില സ്ഥിരമായി 102-104 ഡിഗ്രി ഫാരന്‍ഹീറ്റിന് ഇടയിലായിരിക്കുമെന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ചൂടും ആരോഗ്യവും നിലനിര്‍ത്താനാവും. എപ്പോഴും ഗുഹയുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഇടംപിടിക്കാനായിരിക്കും വവ്വാലുകള്‍ ശ്രമിക്കുക.
ഇരപിടിച്ച് മടങ്ങിവരുന്ന അമ്മമാര്‍ക്ക് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ നിന്ന് സ്വരവും ഗന്ധവും നോക്കി സ്വന്തം കുഞ്ഞിനെ തിരിച്ചറിയാനും അവയെ പാലൂട്ടാനും സവിശേഷമായ കഴിവുണ്ട്. അമ്മമാര്‍ പകല്‍ സമയങ്ങളില്‍ പലതവണ കുഞ്ഞുങ്ങള്‍ക്കടുത്തെത്തി അവയെ പരിചരിക്കും. രാത്രിയില്‍ ഭക്ഷണം നല്‍കാനുമെത്തും. നാലോ അഞ്ചോ ആഴ്ചകള്‍ക്ക് ശേഷം, ഗുഹയുടെ ഇരുട്ടില്‍ കുഞ്ഞുങ്ങള്‍ പറക്കാന്‍ പഠിച്ചുതുടങ്ങും. അപ്പോഴതൊരു പരിശീലനക്കളരിയാണ്. കളരി അല്‍പം കഠിനവും. മൂര്‍ച്ചയുള്ള വക്കുകളുള്ളതും ഇടുങ്ങിയതുമായ ഗുഹയില്‍ തിങ്ങിനിറഞ്ഞ വവ്വാലുകള്‍ക്കിടയില്‍ വേണം പരിശീലനം നടത്താന്‍. തമ്മില്‍ കൂട്ടിയിടിക്കാതെ, ഗുഹാഭിത്തിയിലോ പാറകളിലോ മുട്ടാതെ മില്ലീമീറ്റര്‍ കൃത്യതയോടെ വേഗത്തിലവര്‍ പറന്നുനോക്കും. ഈ കളരിയില്‍ കുഞ്ഞുങ്ങളുടെ എക്കോലൊക്കേഷന്‍ കഴിവുകളും പരീക്ഷിക്കപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. പിടിവിട്ട് പറന്ന് നിമിഷങ്ങള്‍ക്കകം മലക്കംമറിഞ്ഞ് ഭിത്തിയില്‍ ലാന്‍ഡ് ചെയ്യണം. മറ്റ് വവ്വാലുകളുമായോ ഭിത്തിയുമായോ കൂട്ടിയിടിച്ചാല്‍ മരണമായിരിക്കും ഫലം.
മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ കാത്ത് താഴെയും ഒരുകൂട്ടരുണ്ട്. ശരവേഗത്തില്‍ അവയെ തിന്നുതീര്‍ക്കുന്ന ദശലക്ഷക്കണക്കിന് മാംസഭോജികളായ വണ്ടുകളും ചെറുപ്രാണികളും. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പകുതിയും അവരുടെ ആദ്യ വര്‍ഷം പോലും അതിജീവിക്കാതെ ചത്തുപോകും. മാത്രമല്ല, വവ്വാലുകള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുമ്പോള്‍ തന്നെ ഇരപിടിയന്‍മാരായ പാമ്പുകള്‍, കീരികള്‍, പൂച്ച, മൂങ്ങ, പരുന്ത് തുടങ്ങിയവ ഗുഹയെ ചുറ്റിപ്പറ്റി വേട്ടയാടാന്‍ കാത്തിരിക്കും. കുഞ്ഞുങ്ങള്‍ ജീവനോടെ തറയില്‍ വീണാലും അമ്മമാര്‍ രക്ഷിക്കാനെത്തില്ല. അതുകൊണ്ടുതന്നെ വേട്ടക്കാര്‍ക്ക് ഭക്ഷണംകിട്ടുക എളുപ്പമാണ്. മുതിര്‍ന്ന വവ്വാലുകളും വേട്ടയാടപ്പെടാറുണ്ട്. അതിജീവിച്ച കുഞ്ഞുങ്ങള്‍ ജൂലായ് അവസാനത്തോടെ ഗുഹയ്ക്ക് പുറത്തേക്ക് കഴിവുകള്‍ പരീക്ഷിക്കാനിറങ്ങും. പതിയെ പ്രാണികളെ പിടിച്ചുതിന്നാന്‍ അമ്മമാര്‍ക്കൊപ്പം ചേരും. പാലുകുടി നിര്‍ത്തുന്നതിനാലും ഊര്‍ജം കൂടുതല്‍ വേണ്ടതിനാലും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ധാരാളം ഭക്ഷണം വേണ്ട സമയമാണത്. പ്രജനനശേഷം കാറ്റിന്റെ ദിശയ്‌ക്കൊത്ത് വവ്വാലുകള്‍ പലവഴി പറന്നുപോകുകയും ചെയ്യും.
സൂര്യാസ്തമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് ഇരപിടിക്കാന്‍ വവ്വാലുകള്‍ പുറത്തുവരിക. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഗുഹാമുഖത്തെ വിടവില്‍കൂടി വിശന്നുവലഞ്ഞ ദശലക്ഷം വവ്വാലുകള്‍ സന്ധ്യാസമയം പുറത്തേക്കൊഴുകും. രണ്ടോ മൂന്നോ മണിക്കൂറുകളോളം ഗുഹാമുഖം പൊതിഞ്ഞ് വവ്വാലുകളുടെ വരവ് തുടരും. പുറത്തുവരുന്നവര്‍ പതിയെ ഇരുട്ടില്‍ മറയും. മുതിര്‍ന്ന വവ്വാല്‍ 60 മൈല്‍ വരെ സഞ്ചരിച്ച് പ്രാണികളെ ശേഖരിക്കും. കുഞ്ഞന്‍മാര്‍ ആ സമയം ഗുഹാപരിസരത്ത് ചെറുവേട്ടകള്‍ നടത്തി മിടുക്കരാവാന്‍ നോക്കും. വേനല്‍ക്കാലത്തെ ഈ സന്ധ്യാദൃശ്യം അവിസ്മരണീയമായ കാഴ്ചയാണെന്നാണ് ബ്രാക്കണ്‍ ഗുഹ സന്ദര്‍ശിച്ചവര്‍ അഭിപ്രായപ്പെടുന്നത്.
വവ്വാല്‍ നിരീക്ഷണത്തിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവിടെ ആളുകളെത്താറുണ്ട്. മധ്യ ടെക്‌സസില്‍ വേറെയും വവ്വാല്‍ ഗുഹകളുണ്ട്. വവ്വാല്‍നിരീക്ഷണത്തിന് ഏറ്റവും ഉചിതമായ സ്ഥലമായാണ് ടെക്‌സസിനെ കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗരത്തിലെ വവ്വാല്‍ കോളനി ടെക്‌സസിലെ തന്നെ മറ്റൊരു നഗരമായ ഓസ്റ്റിനിലെ കോണ്‍ഗ്രസ് അവന്യൂ ബ്രിഡ്ജിലാണ്. 15 ലക്ഷത്തോളം മെക്‌സിക്കന്‍ ഫ്രീ-ടെയില്‍ഡ് വവ്വാലുകളാണ് വേനല്‍ക്കാലത്ത് ഇവിടെ തമ്പടിക്കാറ്. ഇവയുടെ വരവും പോക്കും കാണാന്‍ വലിയ ജനക്കൂട്ടം വര്‍ഷം തോറും ഇവിടെയെത്തും. ലൈവ് മ്യൂസിക് ഒക്കെയായി വാര്‍ഷിക ബാറ്റ് ഫെസ്റ്റ് പോലും ഓസ്റ്റിനില്‍ നടക്കാറുണ്ട്.
ഇവിടെ ഒത്തുകൂടുന്ന പെണ്‍വവ്വാലുകള്‍ വിശക്കുമ്പോള്‍ നേരെ പറക്കുന്നത് ടെക്‌സസിലെ പാടങ്ങളിലേക്കാണ്. ഒരു രാത്രിയില്‍ അവരുടെ ശരീരഭാരത്തിന്റെ ഏകദേശം അത്രത്തോളം തന്നെ ഭാരത്തിലുള്ള ഭക്ഷണം കഴിക്കും. അവരുടെ ഈ വിശപ്പ് സെന്‍ട്രല്‍ ടെക്‌സസിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാണ്. പറക്കുന്ന വണ്ടുകള്‍, ചിറകുള്ള ഉറുമ്പുകള്‍, കൊതുകുകള്‍ നിശാശലഭങ്ങള്‍ എന്നിവയൊക്കെയാണ് ഭക്ഷണം. കോണ്‍ ഇയര്‍ വേം നിശാശലഭങ്ങളുടെയും (ചോളം, പരുത്തി, തക്കാളിക്കൃഷികളെ ബാധിക്കുന്ന കീടം) മറ്റ് വിള കീടങ്ങളുടെയും പ്രധാന വേട്ടക്കാരാണ് മെക്‌സിക്കന്‍ ഫ്രീ-ടെയില്‍ഡ് വവ്വാലുകള്‍. എങ്ങനെ വന്നാലും ഓരോ വേനല്‍ക്കാല രാത്രിയിലും 140 ടണ്‍ ഭക്ഷണം ബ്രാക്കണ്‍ വവ്വാലുകള്‍ മാത്രം കഴിക്കും. സാധാരണ കാര്‍ഷിക കീടങ്ങളോടാണ് അവര്‍ക്ക് കൂടുതല്‍ പ്രിയം. കീടനാശിനി ചെലവിലും വിളനാശത്തിലും വവ്വാലുകള്‍ ഈ മേഖലയിലെ പരുത്തി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം വലിയ ലാഭമുണ്ടെന്ന് 2006-ല്‍ നടത്തിയ ഗവേഷണപഠനത്തില്‍ കാണിക്കുന്നു. കൃഷിയിടത്തിലെ പരാഗണത്തിനും വവ്വാല്‍ സഹായിക്കുന്നുണ്ട്.
ടെക്‌സസിലെ സാന്‍ അന്റോണിയോയുടെ വടക്കന്‍ പ്രാന്തപ്രദേശത്താണ് ബ്രാക്കണ്‍ ഗുഹ. ടെക്‌സസ് ഹില്‍ കണ്‍ട്രിയിലെ പ്രകൃതിയുടെ സവിശേഷമായ പ്രതിഭാസങ്ങളിലൊന്നായ വവ്വാല്‍കോളനി 10,000 വര്‍ഷത്തിലേറെയായി ഇവിടെയുണ്ട്. പില്‍ക്കാലത്തെ മനുഷ്യരുടെ കടന്നു കയറ്റം വവ്വാലുകള്‍ക്കും മേഖലയിലെ പ്രകൃതിസമ്പത്തിനും ഭീഷണിയായിരുന്നു. ഈ സാഹചര്യത്തിലാണ് ടെക്‌സസ് കേന്ദ്രമായുള്ള സന്നദ്ധസംഘടനയായ ബാറ്റ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ (ബി.സി.ഐ.) 1991-ല്‍ ബ്രാക്കണ്‍ ഗുഹ വിലയ്ക്കുവാങ്ങിയത്. ലക്ഷ്യം വവ്വാല്‍ഗുഹയെ പുറംലോകത്തിന്റെ ഇടപെടലുകളില്‍ നിന്ന് രക്ഷിക്കുക തന്നെ.
വവ്വാലിലെ പഠനത്തിനും മുന്‍തൂക്കം നല്‍കുന്ന സംഘടന ഇപ്പോള്‍ ഗുഹയ്ക്ക് ചുറ്റുമുള്ള 1,500 ഏക്കര്‍ വരുന്ന മേച്ചില്‍പുറങ്ങളും കൂടി സ്വന്തമാക്കിക്കഴിഞ്ഞു. കൃഷിയുടെയും വാണിജ്യ ഉപയോഗങ്ങളുടെയും ഫലമായി സ്വാഭാവിക സസ്യങ്ങളുടെയും മൃഗങ്ങളുടെയും വൈവിധ്യം നഷ്ടപ്പെട്ടെങ്കിലും, അതിന്റെ പഴയ സൗന്ദര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണവര്‍. വംശനാശഭീഷണി നേരിടുന്ന സ്വര്‍ണ്ണ കവിള്‍ത്തടമുള്ള വാര്‍ബ്ലറുകള്‍ ഉള്‍പ്പെടെ നിരവധി പക്ഷി വര്‍ഗ്ഗങ്ങളുടെ ആവാസ കേന്ദ്രമാണിത്. ബി.സി.ഐക്കൊപ്പം ദി നേച്ചര്‍ കണ്‍സര്‍വന്‍സി, ടെക്‌സസ് പാര്‍ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റ്, യു.എസ്. ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് തുടങ്ങിയവരും കൈകോര്‍ക്കുന്നു.
ബ്രാക്കണ്‍ ഗുഹയ്‌ക്കെതിരേ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പ്രദേശവാസികളില്‍ നിന്ന് ധാരാളമുയരാറുണ്ട്. വീടുകളില്‍ ശല്യമാകുന്നു, പ്രദേശം മലിനമാകുന്നു, വവ്വാലുകള്‍ രോഗവാഹകരാവാം തുടങ്ങി വിമര്‍ശനവിഷയങ്ങള്‍ ഏറെയുണ്ട്. കുറച്ചുകൊല്ലങ്ങള്‍ക്കു മുമ്പ് ഗുഹയോട് ചേര്‍ന്ന് 3,500 വീടുകള്‍ നിര്‍മിക്കാന്‍ ഒരു സ്വകാര്യകമ്പനി ശ്രമിച്ചിരുന്നു. വവ്വാലുകളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന വികസന പദ്ധതിക്കെതിരേ ബാറ്റ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലും ദി നേച്ചര്‍ കണ്‍സര്‍വന്‍സിയും പ്രതിഷേധം നടത്തി. പതിനായിരത്തോളം ആളുകള്‍ ഇക്കണ്ട വവ്വാലുകള്‍ക്കിടയിലേക്ക് താമസിക്കാനെത്തിയാല്‍ സംഘട്ടനങ്ങളും ആക്രമണങ്ങളുമൊക്കെ അവര്‍ മുമ്പില്‍ കണ്ടു. ഏതെങ്കിലും വിധത്തില്‍ അവിടെ റാബീസ് പോലെയുള്ള രോഗാണുക്കള്‍ പരന്നാല്‍ വവ്വാലുളെ അവിടെനിന്ന് ഒഴിപ്പിക്കണമെന്ന ആവശ്യമായിരിക്കും പിന്നീടുയരുക. അത് വലിയ പ്രശ്‌നത്തിലേക്ക് പോകുമെന്ന് കണ്ട അവര്‍ ജനകീയ സമിതികളിലൂടെ ഇടപെട്ടു. വവ്വാലുകള്‍ അവിടുത്തെ പരിസ്ഥിതിക്ക് എന്തുമാത്രം സംഭാവന ചെയ്യുന്നുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ പല വഴികളിലൂടെ ശ്രമിച്ചു.
ഒടുവില്‍ 2014-ല്‍ പാര്‍പ്പിടസമുച്ചയം കെട്ടിപ്പൊക്കാന്‍ പദ്ധതിയിട്ട സ്ഥലം ഉടമസ്ഥരില്‍ നിന്ന് സംഘടന പണംകൊടുത്ത് വാങ്ങുകയും വവ്വാലുകളുടെ സൈ്വര്യവിഹാരത്തിന് സ്ഥിരം പരിഹാരമുണ്ടാക്കുകയും ചെയ്തു. പ്രകൃതിസ്‌നേഹികളുടെ വലിയൊരു വിജയം കൂടിയായിരുന്നു ഈ നീക്കം. വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാകുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. നിപ പോലുള്ള മരണകാരിയായ വൈറസുകള്‍ മറ്റു ജീവികളിലേക്ക് പകരുന്നത് ഇത്തരം സാഹചര്യങ്ങളിലാണല്ലോ... അതിനാല്‍ ടെക്‌സസിലെ വവ്വാല്‍ സംരക്ഷണമാതൃക മികച്ചതായി കരുതാം. ബ്രാക്കണ്‍ ഗുഹയില്‍ നിന്ന് 11 മൈല്‍ മാറിയാണ് യു.എസ്. സേനയുടെ റാന്‍ഡോള്‍ഫ് പരിശീലന വ്യോമതാവളം. വവ്വാലുകള്‍ ഇരതേടുന്ന സമയമായതിനാല്‍ വിമാനങ്ങളുടെ രാത്രികാലപരിശീലനങ്ങളും യാത്രകളും പലപ്പോഴും തടസ്സപ്പെടുകയും വവ്വാലുകളുമായി കൂട്ടിയിടിയുണ്ടാവുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ഇതൊന്നും ഇവിടെനിന്ന് വവ്വാലുകളെ തുരത്താന്‍ കാരണമായിട്ടില്ല.
ആയിരക്കണക്കിന് കൊല്ലങ്ങളായി വവ്വാലുകള്‍ അധിവസിക്കുന്ന മേഖലയായതിനാല്‍ ബ്രാക്കണ്‍ ഗുഹയുടെ തറയില്‍ ടണ്‍ കണക്കിന് കാഷ്ഠവും അടിഞ്ഞുകൂടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ 60 അടിയോളം താഴ്ചയില്‍ വരെ കൂമ്പാരങ്ങള്‍ കാണാം. കാഷ്ഠത്തിന്റെ ഏറ്റവും അടിയിലെ പാളികള്‍ക്ക് ഒരുപക്ഷേ, 10000 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാവാമെന്ന് കരുതുന്നവരുണ്ട്. ഓരോ വര്‍ഷവും വവ്വാലുകള്‍ 50 ടണ്ണോളം കാഷ്ടം ഗുഹയുടെ തറയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ഗുഹ സന്ദര്‍ശിക്കുകയാണെങ്കില്‍ തറയില്‍ നിര്‍ത്താതെ ചലനങ്ങള്‍ കാണാം. മാംസഭോജികളും വവ്വാല്‍കാഷ്ഠം കുന്നുകൂടുന്നതിനൊത്ത് അവ ഭക്ഷിച്ചുജീവിക്കുന്ന പലതരം ജീവജാലങ്ങളും ഇഴയുന്നതാണിത്. ബ്രാക്കണില്‍ മാത്രം, മാംസഭോജികളായ വണ്ടുകളുടെ ആറ് വ്യത്യസ്ത ഇനങ്ങളുണ്ട്. ഇവ വവ്വാലിന്റെ മൃതശരീരങ്ങളാണ് ഭക്ഷണമാക്കുക. അതിനുപുറമെ, വിവിധതരം ബാക്ടീരിയ, ഫംഗികള്‍, ചീവീട്, ഈച്ചകള്‍, പുഴുക്കള്‍, വണ്ടുകള്‍ തുടങ്ങിയവയുമുണ്ട്. ഗുഹ പൂര്‍ണമായും മാലിന്യത്തില്‍ മൂടാതിരിക്കാന്‍ ഈ ഗുഹാജീവികള്‍ സഹായിക്കുന്നു. ലെസര്‍ മീല്‍ വേം എന്നും വിളിക്കപ്പെടുന്ന പുഴു കാഷ്ടം സംസ്‌കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ബിസിഐ ഡയറക്ടര്‍ ഫ്രാന്‍ ഹച്ചിന്‍സ് പറയുന്നു.
കാലാകാലങ്ങളില്‍ വവ്വാലുകള്‍ എന്തൊക്കെയാണ് ഭക്ഷിക്കുന്നത്, മറ്റ് ഇനം വവ്വാലുകള്‍ ബ്രാക്കണില്‍ എപ്പോഴെങ്കിലും ജീവിച്ചിരുന്നോ എന്നതെല്ലാം കാഷ്ഠപരിശോധനയിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശ്വസന ഉപകരണങ്ങളും കൈയുറകളും കാലുറകളുമൊക്കെ ധരിച്ച് ആവശ്യമായ മുന്‍കരുതലോടുകൂടിയേ ബ്രാക്കണിലേക്ക് പ്രവേശിക്കാനാവൂ. ഗുഹയിലുള്ള അമോണിയ ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളും വവ്വാലിന്റെ ശ്വാസത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമൊക്കെ പലപ്പോഴും ആളുകള്‍ക്ക് നേരിട്ടിടപഴകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കും. മാംസം ഭക്ഷിക്കുന്ന വണ്ടുകളുടെ ആക്രമണവുമുണ്ടായേക്കും. 1861-കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധക്കാലത്ത് വെടിമരുന്ന് ഇറക്കുമതി തടയപ്പെട്ടപ്പോള്‍ വവ്വാല്‍ കാഷ്ഠം ഉപയോഗിച്ച് വെടിമരുന്ന് നിര്‍മിച്ചിരുന്നു. കാഷ്ഠത്തില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം എന്നിവ വേര്‍തിരിച്ചെടുത്താണ് വെടിമരുന്നുണ്ടാക്കാന്‍ ഉപയോഗിച്ചത്. വെര്‍ജീനിയയിലും ടെക്‌സസിലുമുള്ള വവ്വാല്‍ ഗുഹകളില്‍ നിന്നായിരുന്നു അവ ശേഖരിച്ചിരുന്നതെന്ന് ഹച്ചിന്‍സ് പറയുന്നു.
ബ്രസീലിയന്‍ ഫ്രീ ടെയില്‍ഡ് വവ്വാലിന്റെ ഉപവര്‍ഗമാണ് ഇടത്തരം വലിപ്പമുള്ള ഈ വവ്വാലുകള്‍. ചിറകുവിടര്‍ത്തിയാല്‍ 30 മുതല്‍ 35 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. 11 മുതല്‍ 14 ഗ്രാം വരെയേ ഭാരംവെക്കൂ. ഇവയുടെ രോമങ്ങള്‍ ചുവപ്പോ കടും തവിട്ടോ ചാരനിറത്തിലോ ഒക്കെയായിരിക്കും. ഗുഹകളില്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും പാലങ്ങള്‍ക്കു താഴെയും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലുമെല്ലാം കാണാറുണ്ട്. ഭക്ഷിക്കുന്ന പ്രാണികള്‍ വെള്ളത്തിനോടു ചേര്‍ന്നാണ് ധാരാളമുണ്ടാവുക എന്നതുകൊണ്ടുതന്നെ വെള്ളത്തിനടുത്തുള്ള താമസകേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കാറ്. വെള്ളംകുടിക്കാനും എളുപ്പമാണ്. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകളിലും മെക്‌സിക്കോ, സെന്‍ട്രല്‍ അമേരിക്ക, തെക്കുവടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. നിലവില്‍ വംശനാശഭീഷണി നേരിടുന്നില്ല. വലിയ കോളനികള്‍ 200 ടണ്‍ വരെ കീടങ്ങളെ ഒരു രാത്രി തിന്നുതീര്‍ക്കുമെന്നാണ് കണക്ക്.
18 വര്‍ഷം വരെ ഒരു വവ്വാല്‍ ജീവിക്കും. വവ്വാല്‍ ലോകത്തെ ജെറ്റ് എന്നും വേഗതയുടെ പേരില്‍ ഇവ അറിയപ്പെടാറുണ്ട്(മണിക്കൂറില്‍ 96 കിലോമീറ്റര്‍ വരെ). അഞ്ചുകോടി വര്‍ഷം മുമ്പേ ഭൂമുഖത്ത് വവ്വാലുകളുണ്ടായിരുന്നു. വരണ്ട മരുഭൂമികളിലൊഴിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നും കാണപ്പെടുന്ന ജീവിയാണിത്. 33 മില്ലിമീറ്ററിലധികം വലിപ്പംവെക്കാത്ത ബമ്പിള്‍ ബീ ബാറ്റും ആറടിയില്‍ ചിറകുവിടര്‍ത്തുന്ന ഫ്‌ലൈയിങ് ഫോക്‌സുമടക്കം ലോകത്ത് ഏകദേശം 1400-ഓളം ഇനം വവ്വാലുകളുണ്ട്. പറക്കുന്ന ഒരേയൊരു സസ്തനി കൂടിയാണിത്.
Credit: ഷിനില മാത്തോട്ടത്തില്‍