ഒരു മരം വെട്ടാൻ...813 സൈനികർ
ഒരു മരം വെട്ടാനായി ആയിരക്കണക്കിനു പട്ടാളക്കാർ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുദ്ധക്കപ്പൽ തുടങ്ങിയവ അണിനിരന്ന സംഭവത്തെക്കുറിച്ച് അറിയാമോ? അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. അതാണ് ഓപ്പറേഷൻ പോൾ ബുന്യാൻ.
കീരിയും പാമ്പും പോലെ ശത്രുതയുള്ള ഉത്തര, ദക്ഷിണ കൊറിയകളുടെ മധ്യത്തിലാണ് ഈ സംഭവം നടന്നത്. ഇരു കൊറിയകൾക്കുമിടയിൽ ഒരു സൈന്യരഹിത ഇടനാഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഒരു സംയുക്ത സുരക്ഷാമേഖലയുമുണ്ട്. ഉത്തര, ദക്ഷിണ കൊറിയൻ സൈനികരും അമേരിക്കൻ സൈനികരും അടുത്തടുത്തു സ്ഥിതി ചെയ്യുന്ന ഇടമാണ് സംയുക്ത സുരക്ഷാ മേഖല.
ഇന്നത്തെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ഇൽ സങ്ങാണ് അന്നത്തെ ഉത്തരകൊറിയൻ പ്രസിഡന്റ്. ആയിടെ വിവിധ സംഭവങ്ങൾ കാരണം യുഎസ്, ദക്ഷിണ കൊറിയൻ സേനകളും ഉത്തരകൊറിയൻ സേനയും തമ്മിൽ സംഘർഷാവസ്ഥ കടുത്തിരുന്നു. സംയുക്ത സുരക്ഷാമേഖലയിൽ സ്ഥിതി ചെയ്തിരുന്ന 30 മീറ്റർ പൊക്കമുള്ള ഒരു വെള്ളിലമരം (പോപ്ലാർ ട്രീ) വെട്ടാൻ യുഎസ് തീരുമാനിച്ചു. നിരീക്ഷണത്തിനു തടസ്സമായതിനാലാണ് എന്നതായിരുന്നു കാരണം.
മരം വെട്ടാനായി ചെന്ന 2 അമേരിക്കൻ സൈനികരെ ഉത്തര കൊറിയൻ സേന തടഞ്ഞു. ഇതു കിം ഇൽ സങ് നട്ട മരമാണെന്നും വെട്ടരുതെന്നുമായിരുന്നു അവരുടെ വാദം. തുടർന്നു കശപിശ ഉടലെടുക്കുകയും 30 ഉത്തരകൊറിയൻ സൈനികർ കോടാലികളുമായി അമേരിക്കൻ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്തു.
ഇതോടെ പ്രശ്നം രാജ്യാന്തരതലത്തിൽ ചൂടുപിടിച്ചു. മറ്റൊരു കൊറിയൻ യുദ്ധം ഉടൻ ഉടലെടുക്കുമെന്ന പ്രതീതിയുണ്ടായി. അമേരിക്കയുടെ നീക്കം എന്താണെന്നറിയാൻ ലോകം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു. 3 ദിവസത്തിനു ശേഷം 813 പടയാളികളടങ്ങുന്ന യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സേന അറക്കവാളുകളും ഗ്രനേഡുകളും റൈഫിളുകളും കോടാലികളുമൊക്കെയായി സംയുക്ത സുരക്ഷാമേഖലയിൽ പ്രവേശിച്ചു
23 വാഹനങ്ങൾ, 27 ഹെലികോപ്റ്ററുകൾ, അനേകം യുദ്ധവിമാനങ്ങൾ എന്നിവ ഇവർക്ക് അകമ്പടിയായുണ്ടായിരുന്നു. ആകെ യുദ്ധസമാനമായ പ്രതീതി. പോരാത്തതിന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് മിഡ്ഡേയും സമീപത്തു നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ആകെ 42 മിനിറ്റു മാത്രമാണു ദൗത്യം നീണ്ടുനിന്നത്. അതോടെ മരം വീണു. 200 ഉത്തര കൊറിയൻ സൈനികർ ശ്വാസമടക്കി നിസ്സഹായരായി ആ കാഴ്ച കണ്ടു നിന്നു.
ഏതായാലും പിന്നീട് പ്രശ്നമൊന്നുമുണ്ടായില്ല. താമസിയാതെ ഉത്തര കൊറിയൻ ഭരണാധികാരി കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാർക്കായി ഒരു അപൂർവ അനുശോചന സന്ദേശം പുറത്തിറക്കി. ഒരു വെടിയുണ്ട പോലും ചെലവാക്കാതെ മരം മുറിച്ച് ഒരു പ്രതിസന്ധി നേരിട്ട അപൂർവ സംഭവമാണ് ഓപ്പറേഷൻ പോൾ ബുന്യാൻ. അമേരിക്കൻ നാടോടിക്കഥകളിലെ മരംവെട്ടുകാരനായ പോൾ ബുന്യാന്റെ പേരാണ് ഈ ദൗത്യത്തിനു കൊടുത്തിരുന്നത്.