കാലാപാനി
കയറിയാൽ മടക്കമില്ലാത്ത സെല്ലുല്ലാർ ജയിൽ...
മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ലയറിലാണ്.350ലധികം കി. മി. നീളത്തിൽ വ്യാപിച്ച്‌കിടക്കുന്ന ദ്വീപ സമൂഹമാണ് ആൻഡമാൻ. ചെറുതും വലുതുമായ 180 ദ്വീപുകളുണ്ട് ആൻഡമാനിൽ. തലസ്ഥാന നഗരമായ പോർട്ട് ബ്ലയറിലാണ് കാലാപാനി സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ് നാവികനായ ആർച്ച് ബാൾഡ് ബ്ലയറുടെ നാമമാണ് ഈ നഗരത്തിന് നൽകപ്പെട്ടിരിക്കുന്നത്.അദ്ദേഹമാണ്ബ്രിട്ടീഷ് കപ്പലുകൾ സുരക്ഷിതമായി സൂക്ഷിക്കാനായി ആൻഡമാൻ കണ്ടെത്തിയതും ജയിൽ സ്ഥാപിച്ചതും.1857 ൽ നടന്ന ഒന്നാം സ്വതന്ത്ര സമരത്തോട് അനുബന്ധിച്ചു ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു. ശിപായി ലഹളയിൽ പങ്കെടുത്ത ആളുകളെ ഇങ്ങോട് നാടുകടത്തി. പ്രതികൂലമായ കാലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച് അവർ ഇവിടം വാസ യോഗ്യമാക്കി തീർത്തു. പിന്നെയും ഇവിടെ തടവുകാർ വന്നു കൊണ്ടേഇരുന്നു. പ്രതിരോധിച്ചവരെയും സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ചവരെയും കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. മൂന്ന് നിലകളിൽ ആയാണ് ഇതിന്റെ നിർമാണം.വളരെ ചെറിയ മുറികൾ ഇതിനകത്തു ആണ് നമ്മുടെ ധീര ദേശാഭിമാനികൾ വർഷങ്ങൾ തള്ളി നീക്കിയത്. ഇതിന്റെ ഏറ്റവും മുകളിൽ നിന്ന് ഉള്ള കാഴ്ച മനോഹരം തന്നെ ആണ്. നാല് ഭാഗങ്ങളും കടലൽ ചുറ്റപ്പെട്ടു കിടക്കുന്നു.
1906 മാർച്ച് 10നാണ് സെല്ലുലാർ ജയിലിന്റെ നിർമ്മാണം പൂർത്തിയായത് പത്ത് കൊല്ലമെടുത്തു ജയിലിന്റെ പണി മുഴുമിപ്പിക്കാൻ.1896 ലാണ് തുടക്കം. ഏകാന്ത തടവറകളാണ് സെല്ലുലാർ ജയിലിന്റെ പ്രത്യേകത.നടുക്കൊരു ഉയർന്ന ഗോപുരവും അതിൽ നിന്ന് ഇതളുകൾ പോലെ ഏഴു വരിയിൽ മൂന്നു നിലകളിലായി ജയിലറകൾ.അതാണ് ഈ ജയിലിന് സെല്ലുലാർ ജയിൽ എന്നു പേരുവരാൻ കാരണം.തടവിലാക്കപ്പെട്ടവരെ കൊണ്ട് ജയിലിനകത്ത് ജോലിയും ചെയ്യിപ്പിക്കുമായിരുന്നു. അന്തമാനിൽ സുലഭമായി ലഭിക്കുന്ന തേങ്ങയുടെ ചകിരി കൊണ്ട് കയർ ഉണ്ടാക്കിക്കുകയും തേങ്ങയാട്ടി എണ്ണ എടുപ്പിക്കുകയും ചെയിതിരുന്നു. ഓരോരുത്തർക്കും ദിവസം നിശ്‌ചയിച്ച് കൊടുത്തിട്ടുള്ള ജോലിയിൽ കുറവ് വരുത്തിയാൽ ജയിൽ മുറ്റത്ത് നിർത്തി പ്രാകൃതമായി ചാട്ടവാർ കൊണ്ട് അടിച്ച് ശിക്ഷിക്കുമായിരുന്നു. അസഹ്യയമായ പല പീഢനങ്ങളും ഇവിടെ നിത്യസംഭവമായിരുന്നു. ഇതിനെതിരെ വീറോടെ പ്രതികരിക്കുന്ന അതിശക്തരായ തടവുകാരെ തൂക്കിക്കൊല്ലുകയാണ് നടപ്പ്. ഇവിടെയടച്ചാൽ മാതൃരാജ്യത്തേക്കു മടക്കമില്ല എന്നായിരുന്നു അക്കാലത്തെ വിശ്വാസം. ഇവിടെ തടവുകാർക്കു മഴവെള്ളം കുടിക്കാൻ കൊടുക്കുകയും കാട്ടുപുല്ല് പച്ചക്കറിയായി ഭക്ഷണത്തിനു നൽകുകയും ചെയ്തതായാണു ചരിത്രം.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘കാലാപാനി’ എന്ന സിനിമ ഇറങ്ങിയതോടെ ഈ ജയിലും കൂടുതൽ പ്രശസ്തമായി.ഏതൊരു ഇന്ത്യക്കാരനും ഇവിടെ എത്തുമ്പോൾ ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കും.സ്വന്തം നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ ആത്‌മാവ് ഇപ്പോഴും ഇവിടെ ഉണ്ട്.