💀അജ്ഞാത ലോകം 💀
November 19

ആരാണ് യൂണബോംബർ?

അനേകം ഭീകരർ യുഎസിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്, അല്ലെങ്കിൽ നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തനായിരുന്നു ജോൺ കാസിൻസ്കി അഥവാ യൂണബോംബർ. ഗണിതശാസ്ത്രത്തിൽ അസാമാന്യ പ്രതിഭയായിരുന്നു കാസിൻസ്കി. വിശ്വപ്രസിദ്ധമായ ഹാർവഡിൽ നിന്നു ബിരുദവും മിഷിഗൻ സർവകലാശാലയിൽനിന്നു പിഎച്ച്ഡിയും നേടിയ കാസിൻസ്കി സ്കൂൾ കാലം മുതൽ അപാരമായ ചിന്താശേഷിയും പഠനമികവും പ്രകടിപ്പിച്ചു. ദേശീയ മെറിറ്റ് സ്കോളർഷിപ് ഫൈനലിസ്റ്റായിട്ടാണു കാസിൻസ്കി ഹാർവഡിലെത്തിയത്.പിഎച്ച്ഡിക്കുശേഷം കലിഫോർണിയ സർവകലാശാലയിലെത്തിയ ജോൺ കാസിൻസ്കി

തനിക്ക് ലഭിക്കുമായിരുന്ന മികച്ച അക്കാദമിക് ജീവിതം ഉപേക്ഷിച്ച് മൊണ്ടാനയിലെ ഒറ്റപ്പെട്ട ഒരു വനവാസ കേന്ദ്രത്തിലേക്ക് താമസം മാറി. അവിടെ അദ്ദേഹം പൂർണമായി ഏകാന്തവാസം നയിക്കുകയും സാങ്കേതിക പുരോഗതിയോടും ആധുനിക വ്യാവസായിക സമൂഹത്തോടുമുള്ള തീവ്രമായ എതിർപ്പ് വളർത്തിയെടുക്കുകയും ചെയ്തു.

സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്കും പ്രകൃതിക്കും ഹാനികരമാണെന്ന് കാസിൻസ്കി വിശ്വസിച്ചു. ഈ ചിന്തകളാണ് ഇയാളെ ഭീകരനാക്കിയത്.

1978-നും 1995-നും ഇടയിൽ അമേരിക്കയിൽ തപാൽ ബോംബാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയാണു കാസിൻസ്കി ഭീകരത സൃഷ്ടിച്ചത്.സർവകലാശാലാ അധ്യാപകർ, വിമാനക്കമ്പനി ഉദ്യോഗസ്ഥർ, കംപ്യൂട്ടർ കടയുടമകൾ, ശാസ്ത്രജ്ഞർ,കോർപറേറ്റ്-പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സാങ്കേതികവിദ്യയുടെ പ്രചാരകരായി താൻ കണ്ടിരുന്ന വ്യക്തികളെയാണ് കാസിൻസ്കി ലക്ഷ്യമിട്ടത്. പാഴ്‌വസ്തുക്കളും മറ്റും ഉപയോഗിച്ച് നിർമിച്ച ബോംബുകൾ ഇവർക്ക് തപാൽ മാർഗം അയച്ചു.

17 വർഷം നീണ്ട ഈ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ക്രമരഹിതമായ ആക്രമണങ്ങൾ രാജ്യവ്യാപകമായി ഭീതി പരത്തി. കുറ്റവാളിയെ കണ്ടെത്താൻ എഫ്ബിഐയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ അന്വേഷണങ്ങളിലൊന്ന് ആരംഭിച്ചു. യൂണിവേഴ്സിറ്റി, എയർലൈൻ എന്നിവയെ ബന്ധപ്പെടുത്തി 'യൂണാബോം' എന്ന് പേരിട്ട ഈ കേസ്, പിന്നീട് കാസിൻസ്കിക്ക് 'യൂണബോംബർ' എന്ന കുപ്രസിദ്ധമായ വിളിപ്പേരുണ്ടാകാൻ കാരണമായി.

മനഃശാസ്ത്രപരമായ വിലയിരുത്തലുകളും ബോംബുകളുടെ ഫോറൻസിക് പരിശോധനകളും നടത്തിയിട്ടും വർഷങ്ങളോളം അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവിൽ, തന്റെ പ്രകടനപത്രിക പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് കാസിൻസ്കി ആവശ്യപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. ഇത് വായിച്ച കാസിൻസ്കിയുെട സഹോദരൻ എഴുത്തുശൈലി തിരിച്ചറിഞ്ഞ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ഇടത്-വലത് പ്രത്യയശാസ്ത്രങ്ങളെ ഒരുപോലെ എതിർത്ത് ആധുനിക സാങ്കേതിക വ്യവസ്ഥകൾക്കെതിരെ ഒരു വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു ആ പ്രകടന പത്രിക.

1996 ൽ അറസ്റ്റിലായ കാസിൻസ്കിക്ക് പാരനോയിഡ് സ്കിസോഫ്രീനിയ എന്ന മാനസികാസ്വാസ്ഥ്യം സ്ഥിരീകരിച്ചു. കുറ്റം സമ്മതിച്ച കാസിൻസ്കിയെ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുപ്രസിദ്ധരായ നിരവധി ഭീകരരെ പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലായ എഡിഎക്സ് ഫ്ലോറൻസിലാണ് മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞത്. 2023 ജൂൺ 10ന് ജയിലിൽവെച്ച് കാസിൻസ്കി ആത്മഹത്യ ചെയ്തു.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram