കറുത്ത സ്വർണം!
ലോകമെമ്പാടുമുള്ള തീൻമേശകളിലെ ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണു കുരുമുളക് അഥവാ പെപ്പർ. കേരളത്തിലെ കുരുമുളക് അഥവാ മലബാർ പെപ്പർ അതിന്റെ നിലവാരം കൊണ്ട് ലോകമെങ്ങും ഖ്യാതി നേടിയതാണ്. കേവലമൊരു സുഗന്ധദ്രവ്യം എന്നതിനപ്പുറം ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ച ഒന്നു കൂടിയാണ് ഇവ.
ഗാർഡൻ ഓഫ് സ്പൈസ് അല്ലെങ്കിൽ സുഗന്ധദ്രവ്യങ്ങളുടെ പൂന്തോട്ടം എന്ന പേരിലാണു കേരളം യൂറോപ്യർക്കിടയിൽ പണ്ട് അറിയപ്പെട്ടിരുന്നത്. ആ സുഗന്ധദ്രവ്യങ്ങളുടെയെല്ലാം രാജാവെന്ന പേരിലാണു കുരുമുളക് അറിയപ്പെട്ടത്. കുരുമുളകെന്ന സുഗന്ധദ്രവ്യം ഉദ്ഭവിച്ചതുപോലും കേരളത്തിലാണെന്നു ശക്തമായ വാദമുണ്ട്.
2000 ബിസി മുതൽ തന്നെ കുരുമുളകിന്റെ വാണിജ്യം ലോകത്തു നടന്നിട്ടുണ്ട്. അറബികളുമായും ചൈനക്കാരുമായും റോമക്കാരുമായുമൊക്കെ കേരളത്തിൽ നിന്നു കുരുമുളക് കച്ചവടം നടന്നിരുന്നു. തുറമുഖ നഗരമായ മുസിരിസ് ഇതിന്റെയൊരു പ്രധാന കേന്ദ്രമായിരുന്നു. ഈജിപ്തിലെ പ്രമുഖ ഫറവോയായിരുന്ന റാംസെസ് രണ്ടാമന്റെ മൃതിയറയിൽനിന്നു കുരുമുളകുകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കുരുമുളകുകളായിരുന്നു ഇവയെന്ന് പിൽക്കാലത്ത് പരിശോധനകളിൽ തെളിഞ്ഞു. യൂറോപ്പിൽ, വിശിഷ്യ റോമിൽ കുരുമുളകിന് രാജകീയ സ്ഥാനമായിരുന്നു. സമ്പത്തിന്റെ ഒരു അളവുകോലായിരുന്നു തീൻമേശയിലെ കുരുമുളകുപൊടിയുടെ അളവ്. കുരുമുളക് ഒരു കറൻസിയായി പോലും യൂറോപ്പിൽ ഉപയോഗിക്കപ്പെട്ടു. 410 എഡിയിൽ റോമിനെ വളഞ്ഞ ഹൂണൻമാർ വിട്ടുപോകണമെങ്കിൽ പ്രതിഫലമായി ആവശ്യപ്പെട്ടത് വലിയ അളവിലുള്ള കുരുമുളകാണ്.
കുരുമുളക് വിളയുന്ന ഇടങ്ങൾ തേടിയാണു ഗാമയുടെയും കൊളംബസിന്റെയുമൊക്കെ യാത്രകൾ തുടങ്ങിയത്. ഭൂമിയുടെ ശരിയായ ചിത്രം മനസ്സിലാക്കിച്ചു തന്ന ‘കണ്ടെത്തലുകളുടെ കാലത്തിന്റെ’ തുടക്കമായിരുന്നു അത്. യൂറോപ്യൻ കൊളോണിയൽ വാഴ്ചയ്ക്കുള്ള നിലമൊരുക്കലും ഈ യാത്രകളിലൂടെ നടന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ലോകചരിത്രം തന്നെ മാറ്റി മറിക്കപ്പെട്ടു. ഇന്ന് വില കുറഞ്ഞെങ്കിലും ലോകത്തെ ഏറ്റവും പ്രശസ്തമായ സുഗന്ധദ്രവ്യം കുരുമുളക് തന്നെയാണ്.