ബെൽജി മാലിനോയ്സ്
കൂട്ടുകാർ ബെൽജി മാലിനോയ്സ് എന്ന ഇനം നായ്ക്കളെപ്പറ്റി പറ്റി കേട്ടിട്ടുണ്ടോ ? നായ്ക്കളുടെ കൂട്ടത്തിൽ ശൗര്യവും കണിശതയും ഏറെയുള്ള മിടുക്കന്മാരാണ് ഇവർ. ബെൽജിയം സ്വദേശികളായ ഇവരെ അടുത്തിടെയാണ് കേരളം പോലീസ് തങ്ങളുടെ ഡോഗ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ട് ഗുണവും ഉണ്ടായി. മണ്ണിടിച്ചിൽ മൂലം ആളുകൾ മണ്ണിനടിയിലായ രാജമലയിൽ , മണ്ണിനടിയിപ്പെട്ട ആളുകളെ കണ്ടെത്താൻ യന്ത്രങ്ങൾ പോലും പരാജയപ്പെട്ടിടത്താണ് പോലീസ് നായയായ മായ വിജയിച്ചത്. ബെൽജിയം മാലിനോയ്‌സ് വിഭാഗത്തിൽപെട്ട നായയാണ് മായ.
കേരളാപോലീസിലെ K9 സ്ക്വാഡിലെ അംഗമായ മായക്കൊപ്പം ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണയും രാജമലയിൽ ഡ്യൂട്ടിക്കായി എത്തിയിരുന്നു. നായ്ക്കളുടെ കൂട്ടത്തിലെ പുലിക്കുട്ടികൾ എന്ന് വിശേഷിപ്പിക്കാവുന്ന ബെൽജിയം മാലിനോയ്സ് വിഭാഗത്തിൽപ്പെട്ട ലില്ലി കണ്ടെത്തിയത് പത്തിലധികം മൃതശരീരങ്ങളാണ്. ഈ വിഭാഗത്തിൽ ഉള്ളതും ഇങ്ങനെ ഒരുദ്യമത്തിന് ഉപയോഗിക്കപ്പെടുന്നതുമായ ഇന്ത്യയിലെ തന്നെ ആദ്യത്തെ നായയാണ് ലില്ലി.
ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട ലില്ലി മിടുക്കിയും, തന്റെ ജോലിയിൽ കഴിവ് തെളിയിക്കപ്പെട്ടവളുമാണ്. കൃത്യമായ പരിശീലനത്തിന്റെ മികവിൽ വികസിപ്പിച്ചെടുത്ത ഏകാഗ്രത, വേഗത, കണിശ്ശത എന്നിവ തന്നെയാണ് ലില്ലിയുടെ മികവ്. ലില്ലിയെ ഹാൻഡിൽ ചെയ്യുന്നത് K9 സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസറായ പി പ്രഭാത് ആണ്.
അപകടസ്ഥലങ്ങളിൽ പതിനഞ്ച് അടിയിൽ കൂടുതൽ ആഴത്തിൽ വരെ ഇവർക്ക് മൃതശരീരങ്ങളുടെ ഗന്ധം തിരിച്ചറിയാനാകും. അതിൽ തൊണ്ണൂറ്റിയഞ്ചു ശതമാനവും കൃത്യമായിരിക്കുകയും ചെയ്യും. പൊതുവെ ശൗര്യം കൂടിയ നായ്ക്കളാണ് ബെൽജിയം മാലിനോയ്സ് നായ്ക്കൾ. വർഷങ്ങളായി അമേരിക്കൻ മിലിറ്ററിയുടെ ഭാഗമായ ഈ ഇനം നായകൾ 2011ൽ ഒസാമ ബിൽ ലാദനെ വകവരുത്തിയ ദൗത്യത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവുമൊടുവിലിതാ കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡിലേക്കും ഇവർ എത്തി.
തുടക്കത്തിൽ അധികം ശ്രദ്ധിക്കപെടാതിരുന്ന ഒരു ബ്രീഡ് ആണ് ബെൽജിയം മാലിനോയ്സ്. എന്നാൽ ഇപ്പോൾ ലോകശ്രദ്ധയാർജ്ജിച്ചിരിക്കുകയാണ് ബെൽജിയം മാലിനോയ്സ്. വീടുകളിൽ വളർത്താൻ കഴിയുന്ന ഒരു ബ്രീഡ് കൂടിയാണ് ഇത്. പരിശീലനത്തോട് ഏറെ സഹകരിക്കുന്ന ഇനത്തിൽപ്പെട്ടവയാണ് ബെൽജിയം മാലിനോയ്സ്.
കാര്യങ്ങൾ ഓർത്തിരിക്കാനുള്ള കഴിവ്, ഘ്രാണശക്തി , കൂടുതൽ കാര്യങ്ങൾ മാനസിലാക്കാനുള്ള കഴിവ്, അന്വേഷണാത്മക സ്വഭാവം എന്നിവ മാലിനോയ്‌സിന്റെ പ്രത്യേകതകളാണ്. കളിയ്ക്കാൻ കൂടുതൽ താല്പര്യമുള്ള ഇനം നായ്കകളാണ് ഇവ. അതിനാൽ തന്നെ പരിശീലനവും എളുപ്പമാണ്. ശബ്ദത്തിന്റെ വേവ് ലെങ്ത്ത് മനസിലാക്കി കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.