പരിശീലനമില്ലാതെ വിമാനങ്ങള്‍ വെടിവച്ചിട്ട പാചകക്കാരൻ
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി.
അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു.പേൾ ഹാർബർ ആക്രമണവുമായി ബന്ധപ്പെട്ട് ധീരതയുടെ പല കഥകളുമുണ്ട്.
ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധേയമാണ് ഡോറിസ് മില്ലറുടേത്. യുഎസിന്റെ പെരുമയേറിയ നേവി ക്രോസ് മെഡൽ സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനാണു മില്ലർ. മില്ലർ നേവിയിലെ ഒരു പടയാളിയായിരുന്നില്ല, മറിച്ച് പാചകക്കാരനായിരുന്നു.
മില്ലർ യുഎസ്എസ് വെസ്റ്റ് വെർജീനിയ എന്ന പടക്കപ്പലിൽ ജോലി ചെയ്യുമ്പോഴാണു ജപ്പാന്റെ ആക്രമണം. കപ്പൽ ആക്രമിക്കപ്പെട്ടു. ഇതിൽ പരുക്കുപറ്റിയ കപ്പലിന്റെ ക്യാപ്റ്റൻ കമാൻഡർ മെർവിൻ ബെനിയോൻ ഉൾപ്പെടെയുള്ളവരെ അദ്ദേഹം താങ്ങിയെടുത്ത് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. തുടർന്ന് കപ്പലിലെ ആന്റി എയർക്രാഫ്റ്റ് ഗൺ ഉപയോഗിച്ച് ജാപ്പനീസ് വിമാനങ്ങളെ വെടിവയ്ക്കാൻ തുടങ്ങി.
ഈ തോക്ക് ഉപയോഗിക്കാൻ മില്ലർക്ക് യാതൊരു പരിശീലനവും ലഭിച്ചിട്ടുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം അതുപയോഗിച്ച് വിമാനങ്ങളെ വെടിവച്ചിട്ടു. മില്ലർ ധീരതയുടെ പ്രതീകമായി മാറി. 1943ൽ അന്നു ജോലി ചെയ്ത ലിസ്കോം ബേ എന്ന കപ്പലിൽ ടോർപിഡോ ആക്രമണം നടന്നതിനെത്തുടർന്ന് മില്ലർ മരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർഥം യുഎസ് നേവി തങ്ങളുടെ ഒരു പടക്കപ്പലിന് യുഎസ്എസ് മില്ലർ എന്നു പേരു നൽകി.
അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു പേൾ ഹാർബർ.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്. ഇതു ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായി മാറി.
ഇന്നത്തെ പോലെയുള്ള അപ്രമാദിത്വം ഇല്ലായിരുന്നെങ്കിലും ശക്തമായ രാജ്യമായിരുന്നു അന്നും യുഎസ്. മികവുറ്റ ത്രിതല സൈന്യമുള്ള രാജ്യം. എന്നിട്ടും എന്തു കൊണ്ട് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചു. രണ്ടുനഗരങ്ങളുടെ നാശത്തിനു വഴിയൊരുക്കിയ ആണവ ബോംബ് ആക്രമണത്തിനുള്ള പ്രകോപനം എന്തുകൊണ്ട് സൃഷ്ടിച്ചു.
ഇതിനു വിവിധ കാരണങ്ങൾ പറയപ്പെടുന്നു. എന്നാൽ എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളുമായിരുന്നു ഇതിന്റെ പ്രധാനകാരണമെന്നാണ് ജപ്പാനിലെ ഇംപീരിയൽ വാർ മ്യൂസിയത്തിന്റെ പക്ഷം.ഇരുപതാം നൂറ്റാണ്ടിൽ ഒരുപാട് സാമ്രാജ്യ മോഹങ്ങളുള്ള ഒരു രാജ്യമായിരുന്നു ജപ്പാൻ.
തങ്ങളുടെ വ്യാവസായിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ത്വരിത വികസനം ഇതു ലക്ഷ്യമിട്ട് അവർ ചെയ്തു. എന്നാൽ പ്രകൃതിവിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും അഭാവം അവരെ ഉലച്ചിരുന്നു.രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാൻ. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന പ്രതിസന്ധിയിലേക്കു ജപ്പാനെ തള്ളിവിട്ടു.
ലോകരാഷ്ട്രീയത്തിൽ അധികം ഇടപെടാതെ നിന്ന യുഎസ് സജീവമായിത്തുടങ്ങിയ നാളുകൾ കൂടിയായിരുന്നു അത്. ആയിടയ്ക്ക് വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു.