വിഷം കുത്തി വയ്ക്കുന്ന നിഗൂഢ മരം
കമ്പുകളിലും വരെ വിഷത്തിന്‍റെ സാന്നിധ്യമുണ്ട്. മരവുമായുള്ള സ്പര്‍ശം എത്ര സെക്കന്‍റ് നീണ്ടു നില്‍ക്കുന്നു എന്നതനുസരിച്ച് അത്രയധികം വിഷവും നമ്മുടെ ശരീരത്തിലേക്കെത്തും. എത്തുന്ന വിഷത്തിന്‍റെ അളവനുസരിച്ച് മനുഷ്യരില്‍ വേദന മണിക്കൂറുകള്‍ മുതല്‍ ആഴ്ചകള്‍ വരെ നീണ്ടു നിന്നേക്കാം.
വേദന എത്ര കഠിനമായിരിയ്ക്കും എന്നു ചോദിച്ചാല്‍ കാറിന്‍റെ ഡോര്‍ അടയ്ക്കുന്ന സമയത്ത് ഇടയില്‍ കൈ അകപ്പെട്ടാലുണ്ടാകുന്ന വേദനയ്ക്ക് തുല്യം എന്നാണ് പൊതുവെ പറയുക. ഇത് മരത്തിന്‍റെ കുത്ത് കിട്ടിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമുള്ള കാര്യമാണ്. കുത്ത് കിട്ടുന്ന സമയത്ത് തീപ്പൊള്ളലേറ്റ സ്ഥിതിയാകും ആ ശരീരഭാഗത്തിനുണ്ടാകുക എന്നും അനുഭവസ്ഥര്‍ പറയുന്നു. കുത്ത് കിട്ടി ഏതാനും ആഴ്ചകള്‍ പിന്നിട്ട ശേഷവും കുളിക്കുമ്പോഴും ആ ഭാഗം ചൊറിയുമ്പോഴും ഏതാനും സമയത്ത് കടുത്ത വേദന ആ പ്രദേശത്ത് അനുഭവപ്പെടാനും സാധ്യതയുണ്ട്.
എന്തുകൊണ്ട് കഠിനമായ വേദന ?
എങ്ങനെയാണ് സ്റ്റിങ്ങിങ് മരങ്ങളുടെ വിഷം ശരീരത്തിന് ഉള്ളിലേക്കെത്തുന്നത്? എന്തുകൊണ്ടാണ് ഇത്ര കഠിനമായ വേദന അവ സൃഷ്ടിക്കുന്നത് ?. നമ്മുടെ ശരീരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കാന്‍ പാടില്ലാത്ത എന്തോ ഒന്ന് സംഭവിയ്ക്കുമ്പോഴോ, ഒഴിവാക്കേണ്ടതായ എന്തോ ശരീരത്തിന് പുറത്തോ അകത്തോ എത്തുമ്പോഴോ ആണ് വേദന അനുഭവപ്പെടുക. ഈ മരത്തില്‍ നിന്ന് വിഷത്തിന് തുല്യമായ കെമിക്കലുകള്‍ ശരീരത്തിലേക്കെത്തുമ്പോഴാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്. ഇങ്ങനെ വിഷം ശരീരത്തിലേക്കെത്തിക്കുന്നത് സൂചി പോലെ മൂര്‍ച്ചയുള്ള ഈ മരത്തിന്റെ നേർത്ത രോമങ്ങളാണ്. ട്രൈകോംസ് എന്നറിയപ്പെടുന്ന ഈ രോമങ്ങളിലെ സിലിക്കയുടെ അംശമാണ് ഇവയെ മനുഷ്യശരീരത്തില്‍ തറയ്ക്കാന്‍ തക്ക ശക്തിയുള്ള വസ്തുവാക്കി മാറ്റുന്നത്.
ശരീരത്തിന്‍റെ ഉള്ളിലേക്ക് വിഷാംശമെത്തിക്കുന്നത് ഈ സിലിക്ക അടങ്ങിയ രോമ സൂചികളാണെങ്കില്‍, ആ വിഷത്തെ ഇത്രയധികം വേദനയുള്ളതാക്കി മാറ്റുന്ന ഒരു വസ്തു കൂടിയുണ്ട്. മൊറോഡിന്‍ എന്ന ഘടകമാണ് ഈ വേദനയ്ക്കു പിന്നിലെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള വിശദമായ പഠനത്തില്‍ യഥാർഥ ഉത്തരവാദിയെ തിരിച്ചറിഞ്ഞു. മിനി പ്രോട്ടീനുളള ഒരു ചെറു കുടുംബത്തില്‍ പെട്ട, മൊറോഡിനേക്കാള്‍ വലുപ്പമുള്ള ഒരു വസ്തുവാണ് ഈ വേദനയ്ക്ക് കാരണമാകുന്നതെന്ന് വൈകാതെ കണ്ടെത്തി. മറ്റൊരു സസ്യത്തിലും ഈ തരത്തിലുള്ള ചെറു പ്രോട്ടീനുകള്‍ കണ്ടെത്താത്തതിനാല്‍ ഇവയ്ക്ക് സ്റ്റിങ്ങിങ് മരങ്ങളുടെ പ്രാദേശിക പേരിനോടു ചേര്‍ത്ത് ജിംപിറ്റൈഡ്സ് എന്ന പേരും ഗവേഷകര്‍ നല്‍കി.
മികച്ച ചികിത്സാ പ്രതിവിധി
ഈ ചെടികളില്‍ നിന്ന് കണ്ടെത്തിയ വിഷത്തിന്‍റെ 3D ഘടന പരിശോധിച്ചപ്പോഴാണ് ഇവയ്ക്ക് ചിലന്തികളുടെയും തേളുകളുടെയും മറ്റും വിഷവുമായുള്ള അസാധാരണ സാമ്യം വ്യക്തമാകുന്നത്. ഘടനയില്‍ മാത്രമല്ല അടങ്ങിയിരിക്കുന്ന കെമിക്കലുകൾക്കും വിദൂര സാമ്യമുണ്ട്. ഏതായാലും ചെടിയുടെ വിഷത്തിലെ യഥാർഥ വില്ലനെ തിരിച്ചറിഞ്ഞതോടെ ഈ വിഷത്തിനുള്ള മറുമരുന്ന് കണ്ടെത്താനും ഗവേഷകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ജിംപിറ്റൈഡ്സിന് മറുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആളുകളുടെ ശരീരത്തില്‍ ഈ ചെടി ഉണ്ടാക്കുന്ന വേദനയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാനായേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Credit:Manorama