December 12, 2020

മഹാവതാർ ബാബാജിയും രജനീകാന്തിന് പ്രിയപ്പെട്ട ദ്രോണഗിരി ഗുഹയും

"ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിൽ ഒഴിവാക്കാനാവാത്ത ഒരു പേരാണ് മഹാവതാർ ബാബാജിയുടേത് .
ഒരു ഋഷിയായിരുന്നു അദ്ദേഹം.1862-മുതൽ 1935-വരെ ബാബാജിയെ സന്ദർശിച്ച ലാഹിരി മഹാശയനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുമാണ് ഋഷിക്ക് ഈ പേര് നിർദ്ദേശിച്ചത്.

മഹാവതാർ ബാബാജിയുടെ ശരിയായ പേര് ആർക്കും അറിയില്ല. തമിഴ്നാട്ടിലെ കടല്ലൂർ ജില്ലയിലെ പറങ്ങിപ്പേട്ട ഗ്രാമത്തിൽ ബി.സി.203 ന് 'നാഗരാജൻ ' എന്ന നാമത്തിലാണ് ജനനമെന്നു കരുതപ്പെടുന്നു.
ലാഹിരി ഉപയോഗിച്ച പേര് തന്നെ അദ്ദേഹത്തെ സന്ദർശിച്ച എല്ലാവരും ഉപയോഗിക്കുകയായിരുന്നു.

ബാബാജിയുടെ ലക്ഷകണക്കിന് ആരാധകരിൽ അപൂർവം പേർക്ക് മാത്രമേ അദ്ദേഹത്തെ നേരിൽ കാണുവാനുള്ള അവസരം ലഭിച്ചിട്ടുള്ളൂ.

അമേരിക്ക, ക്യാനഡ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ആസ്‌ട്രേലിയ, സ്പെയിൻ, പോർച്ചുഗൽ, ശ്രീ ലങ്ക, മലേഷ്യ, സിങ്കപ്പൂർ, നേപ്പാൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിരവധി കേന്ദ്രങ്ങളിൽ ബാബാജിയുടെ ആശ്രമങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഹിമാലയത്തിൽ ബദ്രിനാഥ് ക്ഷേത്രത്തിന് അടുത്ത് ഉള്ള ഗൗരിശങ്കരപീഠം ആശ്രമത്തിൽ വസിക്കുന്നവരിൽ പലരും വിദേശികളാണ് .
സതോപന്തു തടാകക്കരയിൽ നിരവധി ഗുഹകളുണ്ട്. അദ്ദേഹത്തിന്റെ ദർശനം കാംക്ഷിക്കുന്ന അനുയായികൾ ഈ ഗുഹകളിൽ അഞ്ചോ പത്തോ ദിവസം താമസിച്ച് ക്രിയായോഗത്തിലെ 144 മുറകളും നിത്യവും ആവർത്തിച്ചു അഭ്യസിച്ചു ധ്യാനനിമഗ്നരായി കഴിയുമ്പോൾ ആന്തരിക ശബ്ദം വഴി ബാബാജി സംജ്ഞ നൽകിയിരുന്നു എന്നു പറയപ്പെടുന്നു .

കടഞ്ഞെടുത്ത ശരീരവടിവ് , ചെമ്പിച്ച നീണ്ടതലമുടി, ഉജ്ജ്‌ല ദീപ്തിയോടെ പ്രകാശിക്കുന്ന നീലകണ്ണുകൾ ,നിത്യയൗവനം, നഗ്നപാദൻ , അലസമായി തോളിലിട്ട മഞ്ഞവസ്ത്രം എന്നിവയായിരുന്നു ബാബാജിയുടെ പ്രകട പ്രത്യേകതകൾ .
ഏത് ഭാഷയും സുഗമമായി സംസാരിക്കും .
തിയോസഫിക്കൽ സൊസൈറ്റിയുടെ രണ്ടാമത്തെ അദ്ധ്യക്ഷയായ ഡോക്ടർ ആനിബസന്റ് 1954 ൽ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട് .

കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നും തമിഴ് നാട്ടിലെ പറങ്കിപ്പേട്ട എന്ന തുറമുഖനഗരത്തിലേക്കു കുടിയേറിപ്പാർത്ത ഒരു ബ്രാഹ്മണ കുടുംബത്തിലാണ് നാഗരാജ് ജനിച്ചത്.
പുരോഹിതൻമാരുടെ പാരമ്പര്യമുള്ള കുടുംബമായിരുന്നു നാഗരാജിന്റേത്.
ഗ്രാമക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ മകനായിട്ടായിരുന്നു നാഗരാജിന്റെ ജനനം.
അദ്ദേഹമാണ് പിൽക്കാലത്ത് മഹായോഗിയായി മാറുകയും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ജീവിച്ചിരിക്കുന്നതായി അറിയപ്പെടുകയും ചെയ്യുന്ന 'ബാബാജി നാഗരാജ് 'എന്ന അത്ഭുത മഹായോഗി.

രഹസ്യത്തിന്റെ ഉയർന്ന അറിവുകൾ നേടുന്നതിനും ക്രിയായോഗ അഭ്യസിക്കുന്നതിനും വേണ്ടി ഭോഗനാഥർ നാഗരാജിനെ അഗസ്ത്യമുനിയുടെ അടുത്തേക്കയച്ചു.
അഗസ്ത്യ മഹർഷിയിൽ നിന്നും യോഗദീക്ഷ ലഭിക്കണം എന്ന ഒറ്റ ആഗ്രഹമേ നാഗരാജിന് ഉണ്ടായിരുന്നുള്ളൂ.
അതിനായി ശരീരവും മനസും ഒന്നാക്കി ദിവസങ്ങളോളം ധ്യാനത്തിലിരുന്നു.
പ്രാർത്ഥനയുടെ മാഹാത്മ്യം മനസിലാക്കിയ ഭക്തജനങ്ങൾ അദ്ദേഹത്തിന് ഭക്ഷണവും ജലവും കൊടുത്തു സംരക്ഷിച്ചു.

ആ കൊടും കാട്ടിനുള്ളിൽ മൃഗങ്ങളെയും മറ്റു പ്രലോഭനങ്ങളെയും വക വെക്കാതെ ധ്യാനം തുടർന്ന അദ്ദേഹത്തിന്റെ ആരോഗ്യം അനുദിനം വഷളായി കൊണ്ടിരുന്നു.
48 ദിവസമായപ്പോഴേക്കും നാഗരാജ് തികച്ചും അവശനായിത്തീർന്നു.
ആ സമയത്തും അദ്ദേഹം അഗസ്ത്യ നാമം ഉരുവിട്ടു കൊണ്ടിരുന്നു. നാഗരാജിന്റെ അചഞ്ചല ഭക്തിയിൽ സംതൃപ്തനായ അഗസ്ത്യമുനി അദ്ദേഹത്തിന്റെ അടുക്കൽ വന്ന് മൃദുവായി വിളിച്ചുണർത്തി ആലിംഗനം ചെയ്തു.
അതിനു ശേഷം അദ്ദേഹത്തിന് ആഹാരവും വെള്ളവും നൽകി.
അവിടെ വെച്ച് തന്നെ അഗസ്ത്യർ നാഗരാജിന് ' ക്രിയാ കുണ്ഡലിനി പ്രാണായാമം ' എന്ന സിദ്ധാന്തരഹസ്യമായ വിദ്യ ഉപദേശിച്ചു.
ഈ ശക്തമായ ശ്വസന ക്രിയയാണ് തമിഴ് സിദ്ധരുടെ അചഞ്ചല വിദ്യ.

തപസിലൂടെ നാഗരാജ് പൂർണ്ണത നേടി എന്ന് മനസിലാക്കിയ അഗസ്ത്യർ ശിഷ്യനോട് ഹിമാലയത്തിൽ ബദരിനാഥ് ക്ഷേത്രത്തിന് മുകളിലുള്ള പർവതനിരയിലെ ഗുഹയ്ക്കുള്ളിലേക്കു പോയി കൊള്ളുവാനും ലോകം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിൽ വെച്ച് കൂടുതൽ അറിയുന്ന മഹാ സിദ്ധനായി തീരട്ടെ എന്നും അനുഗ്രഹിച്ചു.

ഹിമാലയത്തിൽ 10,243 അടി ഉയരമുള്ള സ്ഥലമാണ് ബദരീനാഥ്‌. നീണ്ട യാത്രയ്ക്കു ശേഷം നാഗരാജ് ഇവിടെ ഒരു ഗുഹയിൽ 18 മാസക്കാലം ഗുരുക്കന്മാരിൽ നിന്നും പഠിച്ച ക്രിയാകുഢലിനി പ്രാണായാമവും മറ്റു രഹസ്യയോഗ വിദ്യകളും പരിശീലിച്ചു കഴിഞ്ഞു കൂടി.
ദീർഘ കാലത്തെ സാധനയ്ക്ക് ശേഷം അദ്ദേഹം സമാധിയായി.
തപസിലൂടെ യോഗവിദ്യയിലെ പരമോന്നത അവസ്ഥകളിൽക്കൂടെ മരണത്തെ അതിജീവിച്ച് തുരീയം, തുരീയാതീതം, പരതുരീയം, ശിവ തുരീയം, പരമോച്ച തുരീയത്തിൽ എത്തി സിദ്ധി കൈവരിച്ചു.

ബാബാജിയുടെ ഹിമാലയത്തിലെ ആശ്രമത്തിന്റെ പേര് ഗൗരിശങ്കരപീഠം എന്നാണ് .
ബദരിനാഥ് ക്ഷേത്രത്തിനടുത്തു നിന്നും വളരെ അകലെയല്ലാതെ എന്നാൽ അനുവാദമില്ലാതെ ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്താണ് ആശ്രമം.
ആശ്രമത്തിന് ചുറ്റും പാറക്കൂട്ടങ്ങളാണ്.
ധാരാളം ഗുഹകളോട് കൂടിയപ്രദേശമാണ്.
ഇവിടത്തെ ഏറ്റവും വലിയ ഗുഹ ബാബാജിയുടേതാണ്.
ഇതിന്റെ സമീപത്തു രണ്ടു വെള്ളച്ചാട്ടങ്ങൾ ഉണ്ട് .
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്റ്റൈൽ മന്നൻ രജനീകാന്ത്
ദ്രോണഗിരിയിലെ ബാബാജി ഗുഹയിലേക്ക് പോകാറുണ്ട് .
ഗുഹ എന്നു പറഞ്ഞാലും ഒരേസമയം രണ്ടോ മൂന്നോ പേർക്ക് തങ്ങാനുള്ള സൗകര്യമേ അതിനുള്ളിലുള്ളൂ .

ആദിശങ്കരാചാര്യർ ,കബീർദാസ്, ലാഹിരി മഹാശയൻ, യുക്തേശ്വര ഗിരി, യോഗാനന്ദ പരമഹംസർ, യോഗിരാമയ്യ, വി ടി നീലകണ്ഠൻ - ഇവരെ കൂടാതെ ബാബാജിയുടെ അനുഗ്രഹത്തിന് പാത്രിഭൂതരായവർ ധാരാളമുണ്ട്. മുൻജന്മങ്ങളിൽ ക്രിയായോഗി ആയിരുന്ന ലോകത്തിന്റെ നാനാദിക്കിൽ അധിവസിക്കുന്ന പലർക്കും ബാബാജി ദർശനം നൽകിയിട്ടുണ്ട്.
AD-1407 മുതൽ 1518 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന കബീർ ദാസ് ബാബാജിയുടെ ശിഷ്യനായിരുന്നു.

അദ്ദേഹം സമാധിയായപ്പോൾ ഹിന്ദുക്കളും മുസ്ലിങ്ങളും അവരവരുടെ മതാചാരപ്രകാരം സംസ്കരിക്കണം എന്ന് വാശി പിടിച്ചു.
ശവശരീരം മൂടിയിരുന്ന വസ്ത്രം മാറ്റിയപ്പോൾ അവിടെ ശരീരം ഉണ്ടായിരുന്നില്ല, പകരം കുറച്ചു പൂക്കൾ മാത്രമാണ് അവർ കണ്ടത് എന്ന് പറയപ്പെടുന്നു .

Credit: Praveen Prakash

👉🏻ടെലിഗ്രാം ലിങ്ക്: t.me/VISWASICHALUMILLENGILUM