ആസ്ട്രൽ പ്രൊജക്‌ഷൻ
ശരീരത്തിൽ നിന്ന് ആത്മാവിനെ, സൂക്ഷ്മദേഹത്തെ മോചിപ്പിക്കാനുള്ള ക്രിയയാണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്നറിയപ്പെടുന്നത്. വിദേശങ്ങളിൽ ഏറെക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്‌ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അർത്ഥം. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം.
പ്രപഞ്ചം പഞ്ചഭൂത നിര്‍മിതമാണ്. അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയാണ് അവ. സത്യമെന്നത് ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നതല്ല. ഇന്ദ്രിയങ്ങൾ മായയാണ്. മാതാവിനെയും പിതാവിനെയും ഹനിച്ച് പാരമ്പര്യസിദ്ധമായ അറിവിന്റെ ലോകങ്ങളിലേക്ക് പ്രവേശിക്കണം. എന്നാലേ മായയിൽനിന്നു മുക്തിയുള്ളൂ. പിന്നീട് മാതാപിതാക്കളോടു പശ്ചാത്തപിക്കണം; പ്രായശ്ചിത്തം ചെയ്യണം. അപ്പോഴേ, അറിവുണ്ടാകൂവത്രേ. അതിനായി കടുത്ത ശാരീരിക സാധനകൾ വേണം. ശരീരത്തിന്റെ സ്പന്ദനങ്ങൾ രൂപപ്പെടുന്നതും കടന്നുപോകുന്നതും വരെ അറിയണം. - ഇങ്ങനെയാണ് സാത്താൻ സേവയുടെ സിദ്ധാന്തം. താന്ത്രികവിദ്യയിലേതുപോലെ കടുത്ത മാർഗങ്ങളാണ് സാത്താൻ സേവക്കാരും പരിശീലിക്കുന്നത്.
ശരീരം അഞ്ച് കോശങ്ങളോടു കൂടിയതാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം. മൃതശരീരത്തിലല്ല, ജീവനുള്ള ശരീരത്തിലാണ് പരീക്ഷണം നടത്തേണ്ടതെന്ന് ഇവർ വിശ്വസിക്കുന്നു. ജീവൻ എന്നത് സ്വന്തമല്ലെന്ന് നിരന്തരം ബോധിപ്പിക്കുന്നത് അന്നമയമാണ്. അന്നമയകോശത്തെ പഠിക്കാൻ മുപ്പത് ദിവസം അന്നമൊന്നും കഴിക്കാതിരിക്കണം. അപ്പോൾ സംസാരിക്കാൻ കഴിയാതാകും; കാഴ്ചയില്ലാതാകും. കാമമയകോശമാണ് ആസ്ട്രൽ ബോഡി എന്നറിയപ്പെടുന്നത്. കുശുമ്പ്, ദേഷ്യം, അധമവികാരങ്ങളായ അസൂയ, അസഹിഷ്ണുത, അഹങ്കാരം തുടങ്ങിയവയുടെ കൂടാരം. സഹനശക്തി കുറയുന്നതും പ്രകോപിതരാകുന്നതും ഭയപ്പെടുന്നതും കാമമയത്തിന്റെ അസ്ഥിരത കൊണ്ടാണെന്ന് സത്താൻ സേവക്കാർ പറയുന്നു.
പൂർണബോധത്തോടെ ആസ്ട്രൽ ബോഡിയെ (കാമമയ കോശം) ശരീരത്തിൽ നിന്നു ഉയർത്തി വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ വിജയിച്ചാൽ വിശാലമായതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകും. വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രൽ പ്രൊജക്‌ഷന് നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികൾക്കും തൊടാൻ പോലുമാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താൻ സേവകർ പ്രചരിപ്പിക്കുന്നു.
വേണം മനശക്തി
മൂന്നു കാര്യങ്ങൾ ആസ്ട്രൽ പ്രൊജക്‌ഷന് നിർബന്ധമായും വേണമെന്നാണ് സാത്താൻ സേവക്കാരുടെ വാദം. അപാര മനഃശക്തി, ഉറച്ച വിശ്വാസം, സ്വയം നിയന്ത്രണം. ഇതൊക്കെ കൺകെട്ടാണെന്ന് വിശ്വസിക്കുന്നവർ ഈ പണിക്ക് പോകരുതെന്ന് ആദ്യമേ ഇവർ ഉപദേശിക്കും. ഉൾബോധത്തിന്റെ തുറന്ന സമീപനം ഈ ക്രിയക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ അസാധാരണ അനുഭവങ്ങളെ സ്വീകരിക്കാതെ മനസ്സ് തള്ളിക്കളയും. സ്വപ്നസമാനമായ അനുഭവമെങ്കിലും ഇത് യാഥാർഥ്യമാണെന്നും സ്വയം നിയന്ത്രണം മറന്നുപോകരുതെന്നും മുന്നറിയിപ്പുമുണ്ട്.
പൂർണ നിശബ്ദമായ മുറിയാണ് ആസ്ട്രൽ പ്രൊജക്‌ഷന് പൊതുവെ തെരഞ്ഞെടുക്കുന്നത്. അരണ്ട ചുവന്ന വെളിച്ചം നല്ലതാണ്. കട്ടിലിൽ മലർന്ന് കിടക്കണം. ചിന്തകളെ പൂർണമായി ഒഴിവാക്കണം. മനസ്സും ശരീരവും ശാന്തമാകണം. പേശികൾ അയച്ചിടണം. യാതൊരു ബലംപിടുത്തവും പാടില്ല. ഏതാനും മിനിറ്റുകൾ ദീർഘ ശ്വാസോച്ഛ്വാസം എടുക്കണം. മുറിയിൽ ശ്വാസനിശ്വാസത്തിന്റെ ശബ്ദതാളം മാത്രം. നേരത്തെ പഠിച്ചിട്ടുള്ളതോ വിഡിയോയിൽ പറയുന്നതോ ആയ മാർഗനിർദേശങ്ങൾ പിന്തുടരണം. വേറൊരു അവസ്ഥയിൽ എത്തിയതായി തോന്നും. അപ്പോൾ ശരീരത്തെ വേർപെടുത്തി ഉയർത്തുന്നതായി സങ്കൽപ്പിക്കണം. എന്നാൽ ശരിയായ ശരീരം അനങ്ങുകയുമരുത്. തുടർക്രിയകൾക്ക് ശക്തമായ മനോബോധ്യം വേണം. ഇല്ലെങ്കിൽ മനോനില തെറ്റും. ചികിത്സയെന്നും ഫലിക്കാതെ വരാം.
പല സാധനകൾക്ക് ശേഷം ശരീരത്തിനകത്ത് തീപ്പൊള്ളലേറ്റതായി തോന്നും. ചെവിയിൽ എന്തോ ഇരമ്പും. മുറിയ്ക്കകമാകെ ഗൂഢത തങ്ങിനിൽക്കും. അഗാധ ഗർത്തത്തിലേക്കും കൊടുമുടി തുമ്പിലേക്കും മാറിമാറി പോകുന്നതായി അനുഭവപ്പെടും. ഈ അവസ്ഥയിൽ വലിയ ഭയം അനുഭവപ്പെടും. കൂരിരുട്ടിൽ നടുക്കടലിൽ ഒറ്റപ്പെട്ട പോലെ. ഭയപ്പെടരുത്. കരയരുത്. അങ്ങനെ ചെയ്താൽ ഭ്രാന്തായിപ്പോകും. ഈ ദുരിതങ്ങളിലൂടെ കടന്നുപോയാൽ പിന്നീടെത്തുക ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയിലാണത്രെ. കണ്ണ് തുറന്നാൽ ചുറ്റിലും നിറങ്ങളുടെ ഘോഷയാത്ര. സ്വശരീരത്തെ മുകളിൽ നിന്ന് കാണാം. മൃതദേഹം പോലെ തോന്നും. പക്ഷേ മരിച്ചെന്ന് കരുതി സങ്കടപ്പെടരുത്. പതിയെ സ്വന്തം ശരീരത്തിൽ നിന്ന് നീങ്ങാനാവും. ചുറ്റുമുള്ള ലോകത്തേക്ക് പാറിപ്പറക്കാം. എവിടെയും പോകാം. ആരെയും കാണാം. - ഇങ്ങനെയാണ് സാത്താൻ സേവക്കാർ ആ അനുഭവത്തെ വിവരിക്കുന്നത്. അതേസമയം ഇത് അന്ധവിശ്വാസം മാത്രമാണെന്നും ഇത്തരം ചെയ്തികൾ മതിഭ്രമമുണ്ടാക്കിയേക്കാമെന്നും മനഃശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പു നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻https://t.me/worldfactsmalayalam