ഏറ്റവും കുറഞ്ഞ ശമ്പളം 36 ലക്ഷം, വീസയെടുത്താല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം!
രണ്ടു പ്രധാന ദ്വീപുകളും നിരവധി ചെറിയ ദ്വീപുകളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര കോമൺവെൽത്ത് രാജ്യമാണ് ആന്‍റിഗ്വ ആൻഡ് ബാർബുഡ. അറ്റ്ലാന്റിക്, കരീബിയൻ കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം പവിഴബീച്ചുകള്‍ക്കും മഴക്കാടുകൾക്കും മനോഹരമായ റിസോർട്ടുകൾക്കും പേരുകേട്ടതാണ്. പഞ്ചസാരത്തോട്ടങ്ങളുടെയും റം ഡിസ്റ്റിലറികളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന ആന്‍റിഗ്വ അടുത്ത കാലത്തായി സഞ്ചാരികളുടെ വരവ് മൂലം കടൽ വിഭവങ്ങൾക്കും ഗുണനിലവാരമുള്ള റമ്മിനും കൂടുതല്‍ പ്രശസ്തമായിട്ടുണ്ട്. മറ്റു കരീബിയന്‍ ദ്വീപുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണ് എന്നതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. യുഎസ്, യൂറോപ്പ് മുതലായ ഇടങ്ങളില്‍ ഈ സമയത്ത് ശൈത്യകാലമായതിനാല്‍ അവിടങ്ങളില്‍നിന്നു ധാരാളം ആളുകള്‍ ഈ സമയത്ത് ഇവിടെത്തുന്നു. മേയ്, ജൂണ്‍ മാസങ്ങളും തെറ്റില്ലാത്ത കാലാവസ്ഥയാണ് എന്ന് പറയാം.
കാഴ്ചകൾക്കപ്പുറം കൂടുതൽ സന്തോഷം നൽകുന്ന വാർത്തകളും ഈ നാടിനുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വര്‍ക്ക് വീസകള്‍ ഓണ്‍ലൈനായി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുകയാണ് കരീബിയൻ കടലിലെ ആന്‍റിഗ്വ ആൻഡ് ബാർബുഡ. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ‘നൊമാഡ് ഡിജിറ്റല്‍ റസിഡന്‍സ് പ്രോഗ്രാം’ പ്രകാരം രണ്ടു വര്‍ഷത്തേക്ക് വര്‍ക്ക് വീസ ലഭിക്കും. ഒരാള്‍ക്ക്, ഇവിടെയുള്ള കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്തുകൊണ്ട് ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 50,000 ഡോളർ (36,74,100 രൂപ) ശമ്പളമായി നേടാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. നിലവിൽ രാജ്യത്ത് സാന്നിധ്യമില്ലാത്ത എന്നാൽ മറ്റു രാജ്യങ്ങളിൽ വേരുകളുള്ള കമ്പനികൾക്കാണ് ഇത്തരത്തിൽ തൊഴിലാളികളെ കൊണ്ടുവരാൻ അവസരം. കൂടാതെ സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും ഈ വിസയിൽ ജോലി ചെയ്യാം. ഈ വിസ കാലാവധിയിൽ എത്ര പ്രാവശ്യം വേണമെങ്കിലും അകത്തേയ്ക്കും പറത്തേയ്ക്കും പോകാം. കൂടാതെ വിസയ്ക്ക് അപേക്ഷിക്കുന്നവർ ആന്‍റിഗ്വ ആൻഡ് ബാർബുഡ പൗരന്മാരാകരുത് എന്ന നിബന്ധനയുമുണ്ട്.
വിദേശജോലികളുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് അത് നല്‍കുന്ന സാമ്പത്തിക സുരക്ഷിതത്വം. ഒരേ ജോലിക്കു തന്നെ വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രതിഫലത്തില്‍ വലിയ വ്യത്യാസമുണ്ട്. അനുഭവപരിചയവും മികച്ച ശമ്പളവും ആഗ്രഹിക്കുന്നവരാണ് മറ്റു രാജ്യങ്ങളില്‍ ജോലിക്കു പോകുന്നവരിലേറെയും. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കാരണം പുറംരാജ്യങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് ചിന്തിക്കാനാവില്ല.
സ്വന്തം നാട്ടിലിരുന്ന് വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ പല കമ്പനികളും ഇപ്പോള്‍ ഒരുക്കുന്നുണ്ട്. മറ്റിടങ്ങളില്‍ പോകുമ്പോഴുള്ള ജീവിതമാറ്റങ്ങളും ചെലവുകളും ഒഴിവാക്കാം എന്നു മാത്രമല്ല, മികച്ച ശമ്പളവും ഇത്തരം ജോലികളുടെ പ്രത്യേകതയാണ്.
ദൂരെയിരുന്നു മാത്രമല്ല, ഈ കരീബിയന്‍ രാജ്യത്തിനകത്തു നിന്നും ജോലി ചെയ്യാം. മികച്ച ടെലികമ്യൂണിക്കേഷൻ, ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണ് എന്നത് മാത്രമല്ല വളരെ കുറഞ്ഞ കോവിഡ് നിരക്ക് ആണ് ഇവിടെയുള്ളത് എന്നതിനാല്‍ ആരോഗ്യത്തെക്കുറിച്ച് വേവലാതിയും വേണ്ട. യോഗ്യത നേടുന്ന വ്യക്തികൾക്ക് രണ്ടു വർഷം വരെയുള്ള പ്രത്യേക റസിഡന്റ് അംഗീകാരമാണ് ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
നൊമാഡ് ഡിജിറ്റൽ റെസിഡൻസ് വീസയ്ക്കുള്ള അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് ആയ https://antiguanomadresidence.com വഴിയാണ് സമർപ്പിക്കേണ്ടത്.
വീസയ്ക്കായി വേണ്ട കാര്യങ്ങള്‍
∙ ഫീസ് അടച്ചതിന്‍റെ തെളിവ്. ഈ ഫീസ് മടക്കി നല്‍കുന്നതല്ല.
∙ പാസ്‌പോർട്ട് സൈസ് ഫോട്ടോ: 2 x 2 ഇഞ്ച് (51 x 51 മില്ലീമീറ്റർ). തല താടിയുടെ അടിയിൽനിന്ന് മുകള്‍ഭാഗം വരെ 25 - 35 മില്ലിമീറ്റർ.
∙ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്
∙ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിലേക്കുള്ള മെഡിക്കൽ ഇൻഷുറൻസ് എടുത്തതിന്‍റെ തെളിവ്
∙ 16 വയസ്സിനു മുകളിലുള്ള ഓരോ അപേക്ഷകനും പൊലീസ് ക്ലിയറന്‍സ് സമര്‍പ്പിക്കണം
∙ പ്രധാന അപേക്ഷകനും അപേക്ഷ നൽകിയ മറ്റ് ആശ്രിതരുമായുള്ള ബന്ധത്തിന്‍റെ തെളിവ്
∙ സ്വയം തൊഴിൽ ഉൾപ്പെടെയുള്ള ജോലികളുടെ വിവരങ്ങള്‍
∙ പ്രധാന അപേക്ഷകന്‍റെ സത്യവാങ്‌മൂലം
(എ) പ്രതീക്ഷിക്കുന്ന വരുമാനം (50,000 യുഎസ് ഡോളറിൽ കുറയാതെ)
(ബി) താമസിക്കുന്ന ഓരോ വര്‍ഷവും തന്‍റെയും ആശ്രിതരുടെയും കാര്യങ്ങള്‍ നോക്കാനുള്ള മാര്‍ഗങ്ങള്‍ കൈവശം ഉണ്ട് എന്നുള്ളത്
ഫീസ്, അപേക്ഷിക്കേണ്ട രീതി
∙ റീഫണ്ട് ചെയ്യാത്ത എൻഡിആർ വീസ ഫീസ് അപേക്ഷയോടൊപ്പം അടക്കേണ്ടതുണ്ട്.
ഫീസ് വിവരങ്ങള്‍ ചുവടെ:
∙ ഒറ്റ അപേക്ഷകൻ : 1,500.00 ഡോളർ (1,10,164.20 രൂപ)
∙ ദമ്പതികൾ : 2,000.00 ഡോളർ (1,46,885.60 രൂപ )
∙ 3 പേരോ അതിൽ കൂടുതലോ ഉള്ള കുടുംബം: 3,000.00 ഡോളർ (2,20,372.50 രൂപ)
നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇമെയിൽ വഴി അപേക്ഷകനെ അക്കാര്യം അറിയിക്കും. ക്രെഡിറ്റ് കാർഡ് മുഖേനയാണ് ഫീസ് അടക്കേണ്ടത്. ഫീസ് അടച്ചതിന്റെ രസീത് അപേക്ഷയോടൊപ്പം നല്‍കണം.
Source: Manorama Online
കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യൂ👇🏻https://t.me/worldfactsmalayalam